Asianet News MalayalamAsianet News Malayalam

ആദ്യം മനുഷ്യർ, എന്നിട്ടാകാം പശുക്കൾ; മധ്യപ്രദേശ് സർക്കാരിനെതിരെ സച്ചിൻ പൈലറ്റ്

ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെയും മനുഷ്യത്വരഹിതമായ പ്രവൃത്തിയിൽ വ്യാപൃതരാകുന്നവർക്കെതിരെയും ശക്തമായ നിയമം കൊണ്ടു വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സച്ചിൻ വ്യക്തമാക്കി.

first priority goes to people not cow says sachin pilot
Author
Jaipur, First Published Feb 11, 2019, 10:27 AM IST

ജയ്പൂർ: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പശു സംരക്ഷണത്തെ വിമർശിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. മധ്യപ്രദേശിൽ പശുക്കൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെക്കാൾ പ്രധാനപ്പെട്ട മറ്റു നിരവധി വിഷയങ്ങൾ ഉണ്ടെന്നും  സർക്കാർ അവയ്ക്കാണ് പ്രാധാന്യം നൽകേണ്ടിയിരുന്നതെന്നും സച്ചിൻ പറഞ്ഞു.

പശു സംരക്ഷണത്തിന്റെ പേരിൽ മധ്യപ്രദേശിൽ ദേശീയ സുരക്ഷാ നിയമം ഉപയോ​ഗിച്ച് ആളുകളെ അറസറ്റ് ചെയ്ത നടപടിയെയും സച്ചിൻ കുറ്റപ്പെടുത്തി. ’മൃ​ഗങ്ങളെ സംരക്ഷിക്കുന്നത് നല്ല കാര്യമെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ പശു സംരക്ഷണത്തെക്കാൾ മുൻതൂക്കം നൽകേണ്ട പലകാര്യങ്ങളുമുണ്ട്. അവയ്ക്ക് പ്രാഥമിക പരി​ഗണന നൽകുകയാണ് ‌ രാജസ്ഥാൻ സർക്കാരിന്റെ നയം. എന്നാൽ  മധ്യപ്രദേശിൽ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ്,’- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെയും മനുഷ്യത്വരഹിതമായ പ്രവൃത്തിയിൽ വ്യാപൃതരാകുന്നവർക്കെതിരെയും ശക്തമായ നിയമം കൊണ്ടു വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സച്ചിൻ വ്യക്തമാക്കി.

നിലവിൽ പശുസംരക്ഷണത്തിന്റെ പേരിൽ മധ്യപ്രദേശിൽ അഞ്ചു പേർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിട്ടുള്ളത്. വ്യാഴാഴ്ച മധ്യപ്രദേശിലെ അഗര്‍ മാള്‍വയില്‍ വെച്ച് പശുവിനെ കടത്തിയ മെഹ്ബൂബ് ഖാന്‍, റൊഡുമാല്‍ മാല്‍വിയ എന്നിവരെയും, ഖാണ്ഡ്വ ജില്ലയില്‍ പശുവിനെ കൊന്നതിന്റെ പേരില്‍ ശക്കീല്‍, നദീം, അസാം എന്നിവരെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. എൻഎസ്എ ചുമത്തി ഇവരെ അറസറ്റ് ചെയ്ത നടപടി ശരിയല്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞിരുന്നു.

രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ ദേശദ്രോഹകുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പാണ് എൻഎസ്എ. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എൻഎസ്എ ചുമത്തി കേസെടുക്കുന്നത്. 

Follow Us:
Download App:
  • android
  • ios