യുവാക്കള്‍ക്ക് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിലെ ആദ്യ രാജി എഴുപത്തൊന്നുകാരനായ ശാന്താറാം നായിക് ഇത്തരത്തില്‍ പദവി വിട്ടൊഴിയുന്ന ആദ്യ നേതാവാണ്

ഗോവ: യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കണെമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെ രാജി വച്ച് ഗോവ കോണ്‍ഗ്രസ് അധ്യക്ഷൻ ശാന്താറാം നായിക്. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുമ്പോൾ മുതുര്‍ന്ന നേതാക്കളെ അവഗണിക്കില്ലെന്നും രാഹുൽ ഗാന്ധി വിശദമാക്കിയിരുന്നു. രാജിക്കത്ത് എഐസിസി അയച്ച അദ്ദേഹം ഇതു സംബന്ധിച്ച വിശദീകരണം കത്തിലൂടെ നല്‍കുമെന്നും അദ്ദേഹം വിശദമാക്കി. 

എഴുപത്തൊന്നുകാരനായ ശാന്താറാം നായിക് ഇത്തരത്തില്‍ പദവി വിട്ടൊഴിയുന്ന ആദ്യ നേതാവാണ്. കഴിഞ്ഞ വർഷമാണു ശാന്താറാം ഗോവയില്‍ പാർട്ടിയുടെ തലപ്പത്തെത്തിയത്. ലൂസിയോ ഫലേരിയോയ്ക്ക് പതരമാണ് ശാന്താറാം നായിക് എത്തിയത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെ രാജി വയ്ക്കണമെന്ന് കരുതിയിരുന്നു എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ അത് ഉചിതമല്ലെന്ന് തോന്നിയത് കൊണ്ടാണ് രാജി ഇത്രയും നീണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഊര്‍ജ്ജസ്വലരായ പുതു തലമുറ പാര്‍ട്ടിയെ നയിക്കാന്‍ എത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നോർത്ത് ഗോവ മണ്ഡലത്തിൽനിന്ന് 1984ലാണു നായിക്ക് ആദ്യമായി ലോക്സഭയിലെത്തുന്നത്. രണ്ടു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 16 എംഎൽഎമാരുമായി ഇപ്പോൾ ഗോവയിലെ മുഖ്യപ്രതിപക്ഷമാണ് കോൺഗ്രസ്. പ്ലീനറി സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു, കഴിവുള്ള ചെറുപ്പക്കാർ കൂടുതലായി മുന്നോട്ടു വരണമെന്ന രാഹുലിന്റെ ആഹ്വാനം.