തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യവിൽപ്പനശാലകളിലെ ജീവനക്കാർക്ക് സർക്കാർ 25 ശതമാനം ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു. അഴിമതിയും അധികവില ഈടാക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള 717 കടകൾ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യവിൽപ്പനശാലകളിലെ ജീവനക്കാർക്ക് 25 ശതമാനം ശമ്പളവർദ്ധനവ് പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ഔദ്യോഗിക വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നതും അഴിമതിയും പൂർണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചരിത്രപരമായ ചുവടുവെപ്പ്. ടാസ്മാക് ഔട്ട്‌ലെറ്റുകളിൽ മദ്യക്കുപ്പികൾക്ക് 10 രൂപ വരെ അധികമായി ഈടാക്കുന്നു എന്ന പരാതി വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് പുതിയ ശമ്പള പരിഷ്കരണത്തിലൂടെ ഇതിന് തടയിടാൻ സർക്കാർ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 20 വർഷത്തിനിടെ ഇത്തരമൊരു ശമ്പളവർദ്ധനവ് ജീവനക്കാർക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ തമിഴ്‌നാട് മന്ത്രി വിഘ്നേഷ്, മികച്ച വേതനം നൽകുന്നതിലൂടെ ജീവനക്കാർക്കിടയിലെ ഉത്തരവാദിത്തം വർദ്ധിക്കുമെന്നും അഴിമതി കുറയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. തമിഴ്‌നാട്ടിൽ നിലവിലുള്ള 4,765 ടാസ്മാക് ഔട്ട്‌ലെറ്റുകളിൽ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിച്ചിരുന്ന 717 കടകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ജോസഫ് വിജയ് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനവും എത്തിയിരിക്കുന്നത്.

ഇതിൽ 276 കടകൾ ആരാധനാലയങ്ങൾക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്തും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് പ്രവർത്തിച്ചിരുന്നത്. പൊതുസ്ഥലങ്ങളിൽ മദ്യത്തിന്‍റെ അനായാസ ലഭ്യത കുറയ്ക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന ഈ സാമൂഹിക പരിഷ്കരണത്തിന് രാഷ്ട്രീയ ഭേദമന്യേ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

സർക്കാരിന്‍റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ, കൂടുതൽ മദ്യശാലകൾ അടച്ചുപൂട്ടാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തിയുള്ള പൊതുജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതിലൂടെ നടപ്പിലായതെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോറും വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ടിവികെ സർക്കാർ അധികാരമേറ്റ ശേഷം പ്രഖ്യാപിച്ച സൗജന്യ ഗാർഹിക വൈദ്യുതി, പ്രത്യേക വനിതാ സുരക്ഷാ സേന, ലഹരിവിരുദ്ധ സ്ക്വാഡുകൾ എന്നിവയ്ക്ക് പിന്നാലെ എത്തുന്ന ഏറ്റവും പുതിയ ജനക്ഷേമ നയമാണിത്.