മായം ചേര്‍ക്കല്‍ എത്രത്തോളം ഭീകരമായ അവസ്ഥയിലേക്ക് വളര്‍ന്നു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ സലിമിന്റെ വീട്ടില്‍ സംഭവിച്ചത്.സലിമിന്റെ വീട്ടില്‍ ശനിയാഴ്ച വച്ച മീന്‍കറിയില്‍ നിന്ന് ആവി പൊങ്ങുന്നത് മൂന്നാംദിവസവും തുടരുകയാണ്. മീന്‍ ചട്ടിയില്‍ നിന്ന് ആവി പൊങ്ങുന്നത് നിലയ്‌ക്കാതെ വന്നതോടെ വീട്ടുകാര്‍ ആകെ വിഷമിച്ചു. മത്സ്യം കേടുകൂടാതെ ഇരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയവ അമിതമായി ചേര്‍ത്തതിനാലാവാം മീന്‍ ഇപ്പോഴും ചൂടായിക്കൊണ്ടിരിക്കുന്നത് എന്നാണ് നിഗമനം. മീന്‍ കേടുകൂടാതിരിക്കാനായി അനിയന്ത്രിതമായ അളവില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതിനെപ്പറ്റി മുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. കണ്ടാല്‍ പച്ച മീന്‍ എന്നേ തോന്നുകയുള്ളൂ.ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണ് ഫോര്‍മാലിന്‍. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതൊക്കെ അറിയുന്നുണ്ടെങ്കിലും വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.