വായ്പതിരിച്ചടവില്‍ പിഴവുവന്നു വീട് ജപ്തി ചെയ്തതില്‍ ബാങ്ക് നടപടി തുടങ്ങിയതോടെയാണ് ആത്മഹത്യ  

ആലപ്പുഴ: ജപ്തി ഭീഷണിയെ തുടര്‍ന്ന് മത്സ്യതൊഴിലാളി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. അമ്പലപ്പുഴപുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നടുവിലെമഠത്തിപ്പറമ്പില്‍ കുഞ്ഞുമോന്‍(ശ്രീകാന്ത് 57) ആണു മരിച്ചത്. ഇന്ന് രാവിലെയാണ് ശ്രീകാന്ത് വീടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടത്. 2015 ല്‍ സഹകരണ ബാങ്ക് അമ്പലപ്പുഴ ശാഖയില്‍നിന്നും ശ്രീകാന്ത് രണ്ട് ലക്ഷം രൂപ വീടുനിര്‍മ്മിക്കുന്നതിനായി വായ്പ എടുത്തിരുന്നു. മാസംതോറും വായ്പതുക മുടങ്ങാതെ തിരിച്ചടച്ചിരുന്നു. ഇതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീകാന്ത് ചികിത്സയിലായി.

വീട്ടുകാര്യങ്ങളും ശ്രീകാന്തിന്റെ ചികിത്സാചെലവും നടന്നിരുന്നത് മത്സ്യതൊഴിലാളിയായ മകന്റെ വരുമാനത്തിലായിരുന്നു. ഇതിനിടയില്‍ വായ്പതിരിച്ചടവില്‍ പിഴവുവന്നു. തുടര്‍ന്ന് ബാങ്ക് ജപ്തിനടപടികളുമായി മുന്നോട്ടുപോയി. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ എത്തി വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതോടെ ശ്രീകാന്തും കുടുംബവും ആശങ്കയിലായി. തുടര്‍ന്നാണ് ശ്രീകാന്ത് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യ. സതി. മക്കള്‍ ശ്രുതി, സ്വാതി, അജിമോന്‍. മരുമകന്‍ അനീഷ്.