തിരുവനന്തപുരം: അഞ്ച് ദിവസമായി പണിമുടക്കി സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികൾ സംസ്ഥാനത്തെ തുറമുഖങ്ങളിൽ നിരാഹാര സമരത്തിലേക്ക് കടന്നു. സമരം തുടങ്ങിയതോടെ തീരദേശ മേഖല പട്ടിണിയിലായി.
ഓഖി വിതച്ച ദുരന്തത്തിൽ നിന്നും തീരദേശ മേഖല കരകയറുന്നതേ ഉള്ളൂ. സമരം തുടങ്ങിയതോടെ തീരത്ത് അടുപ്പ് പുകയുന്നില്ല. കുടിവെള്ളം പോലും പണം കൊടുത്ത് വാങ്ങുന്ന ഇവർ മുഴുപ്പട്ടിണിയിലായെന്ന് ചുരുക്കം. ആദ്യ ഘട്ട ചർച്ച പരാജയപ്പെട്ടതോടെ ഫിഷറീസ് വകപ്പും കൈയൊഴിഞ്ഞ മട്ടാണ്
ചെറു മീനുകൾ പിടിക്കുന്നെന്ന് ആരോപിച്ച് തീരദേശ പൊലീസ് റെയ്ഡ് ശക്തമാക്കിയതോടെയാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. മത്സൃ ബന്ധനത്തിനിടെ ചെറുമീനുകൾ വലയിൽ കുടുങ്ങുന്നത് സ്വഭാവികമാണെന്ന് തൊഴിലാളികൾ പറയുന്നു. ഇതിന്‍റെ പേരിൽ ലക്ഷങ്ങളാണ് പിഴയിടുന്നത്. ഡീസലിന് ഏർപ്പെടുത്തിയ റോഡ് നികുതി ബോട്ടുകൾക്ക് ഒഴിവാക്കി കൊടുക്കണമെന്ന ആവശ്യവുമുണ്ട്.
