കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ ജില്ലാ ഭരണ കൂടം തയ്യാറാക്കിയ നഷ്ട കണക്കിനെതിരെ മൽസ്യ തൊഴിലാളികൾ. തകർന്ന വീടുകളുടെയും മീൻപിടുത്ത യാനങ്ങളുടെയും കണക്ക് എടുത്തതിൽ തെറ്റുണ്ടെന്നാണ് ആരോപണം.

ഓഖി ചുഴലിക്കാറ്റിന്‍റെ ഭാഗമായുണ്ടായ ഭീമൻ തിരമാലകൾ ദുരന്തം വിതച്ച ജില്ലയുടെ തീരപ്രദേശങ്ങളിൽ ആകെ 24.87 കോടി രൂപയുടെ നാശ നഷ്ടം ഉണ്ടായതായാണ് ജില്ലാ ഭരണ കൂടത്തിന്‍റെ കണക്ക്. ഇതിൽ 23.9 കോടിയും കടൽ ഭിത്തി തകർന്ന വകയിൽ അനുവദിച്ച് കിട്ടാനായി ഇറിഗേഷൻ വകുപ്പ് സമർപ്പിച്ചതാണ്. ഫിഷറീസ് വകുപ്പിന്‍റെ കണക്ക് പ്രകാരം 22.8 ലക്ഷം രൂപയുടെ നഷ്ടം മൽസ്യ ബന്ധ യാനങ്ങളും അനുബന്ധ ഉപകരണങ്ങളും നശിച്ച് ഇനത്തിൽ ഉണ്ടായിട്ടുണ്ട്. 

ഇരുപത്തി അഞ്ച് വീടുകൾ നശിച്ചതായാണ് ജില്ലാ ഭരണ കൂടം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന് അനുവദിച്ച തുക അഞ്ച് ലക്ഷം രൂപ മാത്രം. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു എന്ന് മൽസ്യ തൊഴിലാളികൾ വിശദമാക്കുന്നത്. കാർഷിക ഇനങ്ങൾ നശിച്ച വകയിൽ 12.5 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലാ ഭരണ കൂടം കണക്കാക്കിയത്. എന്നാൽ കാറ്റിലും മഴയിലും പെട്ട് മലയോര മേഖലയിൽ അടക്കം വലിയ നഷ്ടം ഉണ്ടായെന്നാണ് കർഷകർ പറയുന്നത്.