തിരുവനന്തപുരം: തമിഴ്‌നാട്, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വന്‍നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപും കടന്നു പോയി. നിലവില്‍ കേരളതീരത്ത് നിന്ന് 900 കി.മീ അകലെയുള്ള ഓഖി ചുഴലിക്കാറ്റ് ഇപ്പോള്‍ ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. അടുത്ത 24 മണിക്കൂറില്‍ ശക്തി കുറഞ്ഞ് ഓഖി ന്യൂനമര്‍ദ്ദമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം ചുഴലിക്കാറ്റിന്റെ കരുത്ത് കുറഞ്ഞെങ്കിലും കേരളതീരത്ത് കടലാക്രമണം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ശക്തമായ തിരമാലകള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മത്സ്യത്തൊഴിലാളികള്‍ ഒരാഴ്ച്ച കഴിയാതെ കടലില്‍ പോകരുതെന്നും കാലാവസ്ഥാവിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. 

അതേസമയം പൂന്തുറയില്‍ നിന്നും പോയ 33-ഓളം മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിലധികവും ചെറുവള്ളങ്ങളില്‍ പോയവരാണ്. സര്‍ക്കാരിന്റെ മാത്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി പൂന്തുറയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികള്‍ കടലിലില്‍ തിരിച്ചലിനിറങ്ങിയിട്ടുണ്ട്. ഇവരുടെ തിരച്ചിലിനിടെയാണ് പൂന്തുറ ഭാഗത്ത് നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. 

അതിനിടെ കരംകുളം ഭാഗത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഒരാള്‍ ഇന്നിവിടെ തിരിച്ചെത്തുകയും ചെയ്തു. അനവധിയാളുകള്‍ തിരിച്ചെത്തിയതായി സര്‍ക്കാര്‍ അറിയിക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം ഭാഗത്ത് നിന്ന് മാത്രം നൂറോളം പേരെ ഇപ്പോഴും കാണാനില്ലെന്നാണ് വിവരം.