മത്സ്യമോഷണം ശക്തമായതോടെ പുലര്‍ച്ച വരെ മത്സ്യത്തൊഴിലാളികള്‍ക്ക് വലയ്ക്ക് കാവല്‍ നില്‍ക്കേണ്ടി വരുന്നു

ആലപ്പുഴ: ഉപജീവനത്തിനായി കായലില്‍ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികളുടെ വലകള്‍ മോഷണം പോകുന്നതായി പരാതി. വേമ്പനാട്ടുകായലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ കുറച്ച് കാലങ്ങളായി നേരിടുന്ന വെല്ലുവിളിയാണ് അര്‍ത്ഥരാത്രിയിലുള്ള മത്സ്യമോഷണം. വൈകുന്നേരം വലയിട്ട ശേഷം അടുത്ത ദിവസം പുലര്‍ച്ചെ വലയെടുക്കുകയാണ് പതിവ്. എന്നാല്‍ മത്സ്യമോഷണം ശക്തമായതോടെ പുലര്‍ച്ച വരെ മത്സ്യത്തൊഴിലാളികള്‍ക്ക് വലയ്ക്ക് കാവല്‍ നില്‍ക്കേണ്ടി വരുന്നു. 

മോഷ്ടക്കാളില്‍ നിന്ന് വലയ്ക്ക് കാവല്‍ നില്‍ക്കുമ്പോളാണ് മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ വട്ടപ്പറമ്പില്‍ അബ്ദുള്‍ ഖാദര്‍(41) മരണപ്പെട്ടത്. ഖാദറിനെ പോലെ സ്വന്തം വലക്ക് കാവല്‍ നിന്നിരുന്ന നൂറോളം മത്സ്യ തൊഴിലാളികള്‍ കായലിലുണ്ടായിരുന്നു. കാറ്റും കോളും മൂലമുണ്ടായ അപകടത്തില്‍ നിന്നും ഇവരെല്ലാം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വലകളുടെ സംക്ഷണത്തിനായി നടുക്കായലില്‍ രാത്രിയില്‍ വള്ളത്തില്‍ തങ്ങുന്നത് അപകടമാണ്. കാറ്റും കോളും ശക്തമായതിനെ തുടര്‍ന്ന് കരയിലേക്ക് വള്ളം അടുപ്പിക്കുന്നതിനിടയിലാണ് വള്ളം മറിഞ്ഞതും അബ്ദുള്‍ ഖാദര്‍ മരണപ്പെട്ടതും.

രാത്രി രണ്ട് മണിക്ക് ശേഷമാണ് മോഷ്ടാക്കള്‍ കായലില്‍ എത്തുന്നത്. സാധാരണ മത്സ്യ തൊഴിലാളികളുടെ വേഷത്തിലെത്തുന്ന ഇവര്‍ കായലിലുള്ള വലകളില്‍ നിന്നും മത്സ്യങ്ങള്‍ മോഷ്ടിക്കുകയായാണ് പതിവ്. 30,000 രൂപക്ക് മുകളില്‍ ചിലവഴിച്ചാണ് തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി വല വാങ്ങുന്നത്. മത്സ്യ മോഷണത്തിനിടെ വലകള്‍ക്കും കേടുപാടുകള്‍ വരുത്തുന്നത് മൂലം വലിയ സാമ്പത്തിക ബാധ്യതയാണ് ഇവര്‍ക്ക് ഉണ്ടാകുന്നത്. 

മുഹമ്മ, പൊന്നാട്, മണ്ണഞ്ചേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോകുന്നവരുടെ വലകളില്‍ നിന്നും മത്സ്യം നഷ്ടപ്പെടുന്നത് നിത്യസംഭവമാണ്. കുമരകം ഉള്‍പ്പെടെയുള്ള ഭാഗത്ത് നിന്നെത്തുന്ന സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം. 

 മത്സ്യ മോഷണം തടയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞാല്‍ ജീവന്‍പണയപ്പെടുത്തിയുള്ള നടുക്കായലിലെ കാവലിരുപ്പ് അവസാനിപ്പിക്കാന്‍ കഴിയും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഈ വിഷയം ഉന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.