ആനയിറങ്കല്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു

ഇടുക്കി: ആനയിറങ്കല്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ മീന്‍പിടുത്തം ഉത്സവമാക്കി നാട്ടുകാര്‍. രണ്ട് മാസമായി അണക്കെട്ടില്‍ നിന്നും വെള്ളംതുറന്നുവിട്ടിരുന്നതിനാല്‍ 60 ശതമാനത്തിലധികം ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ആഴം കുറഞ്ഞ ഭാഗത്ത് വെള്ളത്തിലിറങ്ങി വലയുപയോഗിച്ചും മറ്റിടങ്ങളില്‍ വള്ളത്തില്‍ സഞ്ചരിച്ച് വലവീശിയുമാണ് മീന്‍പിടുത്തം. 

ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരുമുണ്ട്. ഗോള്‍ഡ് ഫിഷ്, ആറ്റുകൊഞ്ച് എന്നിവയാണ് അണക്കെട്ടില്‍ സമൃദ്ധമായുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മത്സ്യസമൃദ്ധി പദ്ധതി പ്രകാരം ലക്ഷക്കണക്കിന് മത്സ്യകുഞ്ഞുങ്ങളെ ആനയിറങ്കല്‍ ജലാശയത്തില്‍ നിക്ഷേപിച്ചിരുന്നു. ഗോള്‍ഡ് ഫിഷ്, സിലോപ്പിയ, ഗൗറ തുടങ്ങിയ ഇനങ്ങളുടെ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നെങ്കിലും ഗോള്‍ഡ് ഫിഷ് മാത്രമാണ് ഇപ്പോള്‍ വ്യാപകമായുള്ളത്. 

ജലാശയത്തില്‍ ആഫ്രിക്കന്‍മുഷികളുടെ എണ്ണം പെരുകിയതാണ് മറ്റ് മത്സ്യങ്ങളുടെ നാശത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. പത്ത് കിലോ വരെ തൂക്കമുള്ള ഗോള്‍ഡ് ഫിഷുകളെ മീന്‍പിടുത്തക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 200 രൂപ നിരക്കില്‍ ഇവിടെവച്ച് തന്നെ മീന്‍ വില്‍ക്കുകയാണ് പതിവ്. അണക്കെട്ട് കാണാനെത്തുന്ന സഞ്ചാരികള്‍ക്കും ജലാശയത്തിലിറങ്ങി നിന്നുകൊണ്ടുള്ള മീന്‍പിടുത്തം കൗതുകം പകരുന്നു.