അറസ്റ്റിലായ 2 പേര്‍ക്ക് വീട്ടുതടങ്കല്‍ അനുവദിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും അതേ വ്യവസ്ഥ തന്നെ ബാധകമാക്കുന്നതാണ് നല്ലതെന്ന് കോടതി. അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ രേഖകളുടെ നിയമസാധുത പരിശോധിക്കുമെന്നും കോടതി അറിയിച്ചു
ദില്ലി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഇവരെ ജയിലിലടക്കരുതെന്നും സുപ്രീംകോടതി പ്രത്യേകം നിര്‍ദേശിച്ചു.
അറസ്റ്റ് തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അറസ്റ്റിലായ 2 പേര്‍ക്ക് വീട്ടുതടങ്കല്‍ അനുവദിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും അതേ വ്യവസ്ഥ തന്നെ ബാധകമാക്കുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ രേഖകളുടെ നിയമസാധുത പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അറസ്റ്റിനെതിരെ രൂക്ഷമായി പ്രതികരിച്ച കോടതി, ജനാധിപത്യമെന്ന പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാള്‍വാണ് വിമര്‍ശനമെന്നും വിമര്‍ശനം ഇല്ലാതാകുമ്പോള്‍ ആ കുക്കര്‍ പൊട്ടിത്തെറിക്കുമെന്നും പരാമർശിച്ചു.
പത്ത് പേരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അന്വേഷിക്കുന്നത്. അതില്‍ അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തു. അഭിഭാഷക സുധാ ഭരദ്വാജ്, സാമൂഹ്യപ്രവര്‍ത്തകനായ അരുണ്‍ ഫേരേരി, ഗൗതം നവലേഖ, എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വരവര റാവു, വെര്‍ണോന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പൂനെയിലെ ഭീമ കൊറേഗാവില്‍ ദളിതുകളും ഉയര്‍ന്ന ജാതിക്കാരും തമ്മില്‍ നടന്ന പ്രശ്‌നത്തില്‍ അക്രമം അഴിച്ചുവിട്ടത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്.
ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് ഇതിനോടകം തന്നെ ഏറെ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അറസ്റ്റിനോടുള്ള എതിര്‍പ്പിന്റെ സൂചനയായി നാളെ ജന്ദര്‍ മന്ദറില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
