തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ കാമുകനും അയല്‍വാസിയായ രണ്ട് സ്ത്രീകളും അടക്കം അഞ്ച് പേര്‍ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഗര്‍ഭിണിയായ പെണ്‍കുട്ടി സാമൂഹ്യസുരക്ഷാ വകുപ്പിനറെ സംരക്ഷണത്തിലാണ്.

പെണ്‍കുട്ടിയുടെ അയല്‍വാസികളായ ശ്രീകല, ഷൈനിഷ, കാമുകന്‍ വിഷ്ണുസാഗര്‍, മാറനല്ലൂര്‍ സ്വദേശി സദാശിവന്‍, വെള്ളനാട് സ്വദേശി സുമേഷ്, എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത മകളെ കാമുകനായ വിഷ്ണുസാഗര്‍ പ്രലോഭിപ്പിച്ച് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും കാട്ടി അമ്മ വിളപ്പില്‍ശാല പൊലീസില്‍ ആദ്യം പരാതി നല്‍കി. 

പരാതിയില്‍ പൊരുത്തക്കേട് തോന്നിയതോടെ നെടുമങ്ങാട് ഡിവൈഎസ്പി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് നിര്‍ദ്ദേശ പ്രകാരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.പെണ്‍കുട്ടിയുടെ വീടുമായി ഏറെ അടുപ്പമുണ്ടായിരുന്ന അയല്‍വാസിയായ ശ്രീകലയാണ് രണ്ട്‌വര്‍ഷം മുന്പ് കുട്ടിയെ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പലര്‍ക്കായി കാഴ്ചവച്ചത്. 

പിന്നീട് ശ്രീകല സുഹൃത്തായ ഷൈനിഷയ്ക്ക് കുട്ടിയെ കൈമാറി. അവരും പല സ്ഥലങ്ങളിലായി പെണ്‍കുട്ടിയെ കൊണ്ടുപോയെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഓട്ടോ ഡ്രൈവറായിരുന്ന സദാശിവാണ് ഇടനിലക്കാരനെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.