സൂസമ്മ എത്തിയത് കണ്ട് സമീപത്തെ വീടുകളിലുണ്ടായിരുന്നവരും തൊട്ടടുത്തുള്ള കൈനകരി സെന്റ് മേരീസ് പള്ളിയുടെ സെമിത്തേരിയിലേക്ക് ഓടിയെത്തി.

കുട്ടനാട്: വീട് വെള്ളത്തിലായതോടെ കുട്ടനാട്ടിലെ അഞ്ച് കുടുംബങ്ങളുടെ അഭയം കൈനകരി പള്ളിയുടെ സെമിത്തേരിയാണ്. ഊണും ഉറക്കവുമെല്ലാം ഇവിടെ തന്നെ അഞ്ച് കുടുംബങ്ങള്‍ക്കൊപ്പം അവരുടെ വളര്‍ത്തുനായകളും പക്ഷികളും ആടും പശുവുമെല്ലാം ഇവിടെയുണ്ട്. 

പ്രദേശവാസിയായ സൂസമ്മയാണ് വീട്ടില്‍ വെള്ളം കയറിയപ്പോള്‍ കൈനകരി സെന്റ് മേരീസ് പള്ളിയുടെ സെമിത്തേരിയിലേക്ക് ആദ്യം ഓടിയെത്തിയത്. ഇരുട്ടിയപ്പോഴേക്കും ആളുകളുടെ എണ്ണം കൂടി. അങ്ങനെ കഴിഞ്ഞ ഒരാഴ്ചയായി അഞ്ച് കുടുംബങ്ങളിലായി ഇരുപതോളം പേര്‍ ഈ സെമിത്തേരിയിലാണ് കഴിയുന്നത്. 

വെള്ളപ്പൊക്കത്തില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന അരിയൊക്കെ നനഞ്ഞു പോയി എന്നാല്‍ അതെല്ലാം വെയിലത്തിട്ട് ഉണക്കിയെടുത്തു ചോറു വയ്ക്കുകയാണ് ഇപ്പോള്‍. തോട്ടില്‍ നിന്ന് പിടിക്കുന്ന മീന്‍ കൊണ്ടാണ് കറിവയ്ക്കുന്നത്. കുടിവെള്ളമാണ് ഏക പ്രതിസന്ധി. വള്ളത്തില്‍ ആലപ്പുഴയില്‍ പോയി കൊണ്ടുവന്ന കുപ്പിവെള്ളങ്ങളാണ് നിലവിലെ ആശ്രയം.

ഇങ്ങനെ ബുദ്ധിമുട്ടി എന്തിന് സെമിത്തേരിയില്‍ താമസിക്കുന്നെന്ന് സംശയിക്കാം.കോഴിയും ആടും പശുവുമൊക്കെയായി വേറെവിടെ പോകും എന്നാണ് ഇവരുടെ ചോദ്യം. സെമിത്തേരിയില്‍ ഉറങ്ങുന്നത് തങ്ങളുടെ ബന്ധുകളും സുഹൃത്തുകളും ആയതിനാല്‍ പേടിയേക്കാളേറെ ധൈര്യമാണ് ഉള്ളതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. വീടുകളില്‍നിന്ന് വെള്ളം ഇറങ്ങുന്നത് വരെ സെമിത്തേരിയില്‍ തന്നെ തുടരാനാണ് ഇവരുടെ തീരുമാനം.