കസ്റ്റഡിയിലുണ്ടായിരുന്ന മറ്റ് 4 സുരക്ഷാജീവനക്കാരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.താമരശ്ശേരി സ്വദേശി രാജൻ,ചമൽ സ്വദേശികളായ അനിൽകുമാർ,അഭിലാഷ്,നരിക്കുനി സ്വദേശി ഹരിദാസ് എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: താമരശ്ശേരി ഹസ്തിനപുരി ബാറിലെ കൊലപാതകത്തിൽ 4 പേർ കൂടി അറസ്റ്റിൽ.ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ 4 പേരെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ചീഫ് വിജുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.

കസ്റ്റഡിയിലുണ്ടായിരുന്ന മറ്റ് 4 സുരക്ഷാജീവനക്കാരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.താമരശ്ശേരി സ്വദേശി രാജൻ,ചമൽ സ്വദേശികളായ അനിൽകുമാർ,അഭിലാഷ്,നരിക്കുനി സ്വദേശി ഹരിദാസ് എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.മരിച്ച റിബാഷിനെ മർദ്ദിക്കുന്നതിലും വലിച്ചിഴച്ച് കൊണ്ടുപോവുന്നതിലും ഇവരും പങ്കാളികളായിരുന്നെന്ന് പൊലീസ് പറയുന്നു.ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കിടന്ന റിബാഷിനെ ആശുപത്രിയിലേക്ക് മാറ്റാതെ ഇവർ വഴിയരികിൽ തള്ളി.

ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റിബാഷിനെ ആശുപത്രിയിൽ എത്തിച്ചത്.താമരശ്ശേരി താലൂക്കാശാപുത്രിയിൽ വച്ചായിരുന്നു മരണം.ബാറിന് മുമ്പിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളുടെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

ബാർ ജീവനക്കാരുമായുള്ള വാക്ക് തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്.മർദ്ദനത്തെ തുടർന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.