ഇടുക്കി: തോപ്രാംകുടിക്കു സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേർ അടക്കം അഞ്ചുപേർ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശികളായ കൊച്ചു പറമ്പിൽ അച്ചാമ്മ, അച്ചാമ്മയുടെ മക്കളായ ഷാജു, ജെയ്നമ്മ, ഷാജുവിന്‍റെ ഒന്നര വയസ്സുള്ള മകൻ ഇവാൻ, കാർ ഡ്രൈവർ റ്റിജോ എന്നിവരാണ് മരിച്ചത്. 34 വയസ്സുള്ള ജെയ്നമ്മ ഗർഭിണിയായിരുന്നു. മുരിക്കാശ്ശേരിയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സ്വകാര്യബസ്സിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു.

ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുക്കാൻ കഴിഞ്ഞവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക മാറ്റി. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. വാഹനത്തിൻറെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറുടെയും പിൻസീറ്റിലിരുന്ന ഷാജുവിൻറെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. പരുക്കേറ്റ എട്ടു പേർ കട്ടപ്പനയിലെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ക്രിസ്റ്റോ, സെറ, കെൽവിൻ, കെവിൻ, ബിജു മാത്യു, റിൻസി ഷാജി എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ നാലു പേർ കുട്ടികളാണ്. ബസ്സിലുണ്ടായിരുന്ന തോപ്രാംകുടി സ്വദേശി സാന്ദ്ര, പുഷ്പഗിരി സ്വദേശി സഞ്ചന എന്നിവർക്കും പരുക്കേറ്റു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.