മലപ്പുറം കിളിനക്കോട് പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേര്‍ അറസ്റ്റില്‍. വേങ്ങര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മലപ്പുറം: മലപ്പുറം കിളിനക്കോട് പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, സാദിഖ് അലി, ലുക്മാൻ, ഹൈദർ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പെൺകുട്ടികളുടെ ഫേസ്ബുക്ക് ലൈവിന് മറുപടിയെന്നവണ്ണം സോഷ്യൽ മീഡിയയിൽ വീഡിയോ അപ്ലോഡ് ചെയ്തവരാണ് പിടിയിലായത്. 

നാല് ദിവസം മുന്പാണ് കേസിന് ആസ്പദമായ സംഭവം. തിരൂരങ്ങാടിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വേങ്ങരക്ക് സമീപത്തുള്ള കിളിനക്കോട് സുഹൃത്തിന്‍റെ കല്യാണത്തിനെത്തി. ഇതിനിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് സെല്‍ഫി എടുത്തു. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ബൈക്കില്‍ യാത്ര ചെയ്യാനും തുടങ്ങി. കിളിനക്കോട് സ്വദേശികളായ ഏതാനും യുവാക്കള്‍ ഇത് കണ്ട് സദാചാര പൊലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തു. കിളിനക്കോടുകാര്‍ക്ക് പഴഞ്ചന്‍ ചിന്താഗതിയാണെന്ന തരത്തില്‍ പെണ്‍കുട്ടികള്‍ ഫേസ് ബുക്ക് ലൈവിലും വന്നു. പെണ്‍കുട്ടികളെ തടഞ്ഞവര്‍ ഇതിന് പിന്നാലെ അവരെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സംഭവം വിവാദമായതോടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പെൺകുട്ടികളും യുവാക്കളും പരസ്പരം ക്ഷമ പറഞ്ഞ് വിഷയം അവസാനിപ്പിച്ചു. പക്ഷെ പിന്നാലെ യുവാക്കള്‍ പെൺകുട്ടികള്‍ മാപ്പുപറഞ്ഞെന്ന വിധത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പെൺകുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളുമിട്ടവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.