കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്.   

മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ദൂലെ ജില്ലയിലെ റെയിന്‍പാഡ ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. ഇന്ന് ഉച്ചയോടെയാണ് ആള്‍ക്കൂട്ടം അഞ്ച് പേരെ തല്ലിക്കൊന്നത്.

ദുലെ ജില്ലയിലെ റെയിന്‍പാഡ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ചന്തയിലേക്ക് ബസ്സിൽ വന്നിറങ്ങിയവരാണ് ആക്രമണത്തിനിരയായത്. ഇവരിലൊരാള്‍ അടുത്തുനിന്ന പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന വ്യാജസന്ദേശം കുറച്ചുനാളുകളായി ഇവിടെ പ്രചരിച്ചിരുന്നു.

ഈ സംഘത്തില്‍പ്പെട്ടവരെന്ന സംശയിച്ചാണ് ആക്രമണം നടത്തിയെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ദൂലെ എസ്പി റാംകുമാ‍ർ അറിയിച്ചു .എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ പിംപാള്‍നർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടുമാസത്തിനിടെ 14 പേരാണ് വ്യാജപ്രചരണത്തിന്റെ ഇരയായി ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. പശ്ചിമ ബംഗാള്‍, അസ്സം, ത്രിപുര,ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്.