ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തിന് ഗോള്‍മഴയില്‍ മറുപടി നല്‍കി ഫ്രാന്‍സിന് രണ്ടാം ലോക കിരീടം ഈ വിജയത്തിലേക്ക് ഫ്രാന്‍സിനെ നയിച്ച 5 കാരണങ്ങള്‍

മോസ്‌കോ: ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഫ്രഞ്ച് പതാകകള്‍ വിജയഭേരി മുഴക്കി. ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തിന് ഗോള്‍മഴയില്‍ മറുപടി നല്‍കി ഫ്രാന്‍സിന് രണ്ടാം ലോക കിരീടം. കലാശക്കളിയില്‍ രണ്ടിനെതിരെ നാല് ഗോള്‍ മടക്കിയാണ് ദശാംസും സംഘവും കപ്പുയര്‍ത്തിയത്. സിദാന്‍റെ 1998ലെ സ്വപ്‌ന ടീമിന് ശേഷമുള്ള ഫ്രാന്‍സിന്‍റെ ആദ്യ കിരീടം. ഈ വിജയത്തിലേക്ക് ഫ്രാന്‍സിനെ നയിച്ച 5 കാരണങ്ങള്‍

1. ഒത്തിണങ്ങിയ ടീം - പോഗ്ബയെ എടുത്തത് അടക്കം ടീം സെലക്ഷനെ സംബന്ധിച്ച് ഫ്രഞ്ച് മാധ്യമങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ആദ്യ കളി മുതല്‍ ഈ ലോകകപ്പ് കണ്ട ഏറ്റവും ഒത്തിണക്കമുള്ള ടീം ആണ് ഫ്രാന്‍സ് എന്ന് കാണാം. ഒന്നിച്ചുള്ള അറ്റാക്കിംഗും, ഒന്നിച്ച് പിന്നോട്ട് വലിഞ്ഞുള്ള പ്രതിരോധനവും കളത്തില്‍ ഫ്രഞ്ച് ടീം ഒത്തിണക്കത്തോടെ നടത്തി.

2. പ്രായം- 19 വയസുള്ള എംപാപ്പെ, 29 വയസുള്ള ജെറോഡ്. ഇങ്ങനെ പ്രായത്തിന്‍റെ കാര്യത്തില്‍ ഏറ്റവും യംഗ് ആണ് ഫ്രഞ്ച് ടീം. ശരാശരി ടീമിന്‍റെ പ്രായം 26 ആണ്. പലപ്പോഴും പ്രതിരോധത്തില്‍ വയസന്‍ പടയുമായി എത്തിയ തങ്ങളുടെ എതിരാളികളെ ഈ പ്രായത്തിന്‍റെ ചുറുചുറുക്ക് സഹായിച്ചു. പ്രത്യേകിച്ച് അര്‍ജന്‍റീനയുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.

3. എംപാപ്പെ - ഒത്തിണങ്ങിയ ടീമിന് എതിരാളിയെ ആക്രമിക്കാന്‍ ഒരു ചാട്ടുളി പോലെയുള്ള ആയുധം വേണമായിരുന്നു. അതായിരുന്നു ദെഷാംസിന് ലഭിച്ച എംപാപ്പെ, 19 വയസ് മാത്രമുള്ള ഈ താരത്തിന്‍റെ വേഗതയ്ക്ക് ഒപ്പം എത്തുവാന്‍ നന്നെ പാടുപെട്ടു എതിരാളികള്‍ എന്ന് കാണാം. അര്‍ഹിച്ചത് പോലെ ഈ ലോകകപ്പിലെ മികച്ച യുവകളിക്കാരനുള്ള അവാര്‍ഡും എംപാപ്പയ്ക്ക് ലഭിച്ചു

4. തന്ത്രങ്ങള്‍ - ഫ്രാന്‍സ് ഒരേ ശൈലിയിലുള്ള കളിയാണോ പുറത്തെടുത്തത്, അല്ലെന്ന് ഉറപ്പിച്ച് പറയാം. ഒരോ എതിരാളികള്‍ക്കെതിരെയും അവരുടെ ശക്തിയും ദൗര്‍ലബ്യവും അറിഞ്ഞ് ശൈലി രൂപീകരിക്കുന്ന ഫ്രാന്‍സിനെയാണ് ഈ ലോകകപ്പ് മുഴുവന്‍ നാം കണ്ടത്. ഫ്രാന്‍സ് അര്‍ജന്‍റീനയോട് കളിച്ച കളിയല്ല, ഉറഗ്വേയോട് ക്വാര്‍ട്ടറില്‍ കളിച്ചത്. 

5.ദെഷാംസ് എന്ന പരിശീലകന്‍ - 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് പട മറ്റൊരു ലോകകപ്പ് വെട്ടിപിടിക്കുമ്പോള്‍ ചാണക്യതന്ത്രങ്ങളുമായി കളം നിറഞ്ഞത് മറ്റാരുമായിരുന്നില്ല. ദെഷാംസിന്‍റെ തന്ത്രങ്ങളാണ് പ്രതിഭയുടെ ധാരാളിത്തമുള്ള ഫ്രാന്‍സ് യുവനിരയെ അജയ്യരാക്കി മാറ്റിയത്. എംബാപ്പെയെന്ന യുവതാരത്തെയും ഗ്രീസ്മാന്‍ എന്ന മുന്നേറ്റക്കാരനെയും പോഗ്ബയെന്ന പ്ലേ മേക്കറെയുമെല്ലാം ആവശ്യാനുസരണം വിന്യസിച്ചുള്ള ദെഷാംസിന്‍റെ തന്ത്രങ്ങലാണ് രണ്ടാം ലോക കിരീടത്തിന് ഫ്രാന്‍സിനെ പ്രാപ്തമാക്കിയത്.