ഇസ്ലാമാബാദ്: താലിബാന്‍ തീവ്രവാദികളെന്നു സംശയിക്കുന്ന അഞ്ച് പേര്‍ പാക്കിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവശ്യയില്‍ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഭീകരാക്രമണം നടത്താന്‍ എത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാഹോറില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള രജന്‍പുരയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട് മെന്‍റ് നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടലെന്ന് ഒദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തപ്പോള്‍ സൈന്യം തിരികെ നടത്തിയ വെടിവയ്പിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. മൂന്നിലധികം പേര്‍ രക്ഷപ്പെട്ടതായും സൂചനകളുണ്ട്.

പേഴ്സണല്‍ ആന്‍റ് ലോ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സി കാര്യാലയങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ടവര്‍ നിരോധിത തീവ്രവാദി സംഘടനയായ തെഹ്‍രീക് ഇ താലിബാന്‍ പാക്കിസ്ഥാന്‍റെ പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞതായി സൈനിക വൃത്തങ്ങള്‍ പറയുന്നു.