നെടുമ്പാശ്ശേരിയില്‍ ഫ്ലാറ്റിനുളളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരെ താമസക്കാര്‍ രംഗത്ത്. ലക്ഷക്കണക്കിന് രൂപ മുടക്കി ഫ്ലാറ്റ് വാങ്ങിയ താമസക്കാര്‍ അറിയാതെ, നിര്‍മാതാക്കള്‍, കെട്ടിടത്തിലെ പൊതു ഇടങ്ങള്‍ മറ്റൊരു കമ്പനിക്ക് മറിച്ചു വിറ്റു. പുതിയ കമ്പനിയാണ് ഫ്ലാറ്റിലെ പൊതു ഇടങ്ങള്‍ ഹോട്ടലിന് കൈമാറിയത്.

208 ഫ്ലാറ്റുകളാണ് അറ്റ്‍ലസ് ഗോള്‍ഡ് ടൗണ്‍ഷിപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച അറ്റ്‍ലസ് സെലിസ്റ്റല്‍ പാര്‍ക്കിലുളളത്. 2013ല്‍ ഫ്ളാറ്റിന്‍റെ കോമണ്‍ ഏരിയ, ലോബി, ടെറസ് എന്നിവ ഫ്ലാറ്റ് ഉടമകള്‍ അറിയാതെ അറ്റ്‍ലസ് ഹോളിയേഡ്സ് ലിമിറ്റഡ് എന്ന സഹോദര സ്ഥാപനത്തിന് വിറ്റെന്നാണ് പരാതി. ഇത് ഹോട്ടലിന് നല്‍കി. താഴത്തെ ഫ്ലാറ്റുകള്‍ ഹോട്ടലുകളാക്കി മാറ്റി. എന്നാല്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഹോട്ടലിന്‍റെ പ്രവ‍ത്തനമെന്ന് ഫ്ലാറ്റുകള്‍ വാങ്ങിയവര്‍ പറയുന്നു.

ഹോട്ടലിനെപ്പറ്റി തര്‍ക്കം ഉയര്‍ന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ കിട്ടിയതുമില്ല. ഇതോടെ താമസക്കാര്‍ വാടകക്ക് മാറേണ്ടിവന്നു. ലക്ഷങ്ങള്‍ ലോണെടുത്തവര്‍ കടക്കെണിയിലായി. എന്നാല്‍ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്‍റാണെന്ന് കാണിച്ചാണ് ഫ്ലാറ്റുകള്‍ വില്‍പ്പന നടത്തിയെതെന്നും നിയമവിധേയമായാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹോട്ടലുടമകള്‍ അറിയിച്ചു.