കൊച്ചി: ഓൺലൈൻ പെൺവാണിഭസംഘം കൊച്ചിയിൽ വീണ്ടും പിടിയിൽ. തമ്മനം കാരണക്കോടം സംഗീത കമ്പനിക്കു സമീപം വീട് വാടകയ്ക്കെടുത്തായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. റെയ്ഡിൽ മൂന്ന് സ്ത്രീകളടക്കം ആറുപേർ പിടിയിലായിട്ടുണ്ട്. കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരായ കലൂർ വല്ലേപ്പറമ്പിൽ വി.പി.ദിനു (32), ഭാര്യ അനു ദിനു (25), കാസർഗോഡ് കാഞ്ഞങ്ങാട് പത്മവിലാസം ഗിരീഷ്കുമാർ (18), ആലുവ എടക്കാട്ടിൽ അശ്വിൻ (28) എന്നിവരെയും എറണാകുളം സ്വദേശിനികളായ രണ്ടു സ്ത്രീകളെയുമാണ് പിടികൂടിയത്.

തിങ്കളാഴ്ച രാത്രി നോർത്ത് സിഐ ടി.ബി. വിജയന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിയിലായ ഗിരീഷ്കുമാറും, അശ്വിനും ഇടപാടുകാരാണ്. ഓൺലൈനിൽ പരസ്യം നൽകിയായിരുന്നു പെൺവാണിഭ സംഘം ഇരകളെ കണ്ടെത്തിയിരുന്നത്. വിവിധ സ്‌ഥലങ്ങളിൽ വീട് വാടകയ്ക്കെടുത്തായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. കുറച്ചുകാലം മുമ്പ് മാത്രമാണ് തമ്മനത്ത് വീട് വാടകയ്ക്കെടുത്തത്. വിവിധ സ്‌ഥലങ്ങളിൽ നിന്ന് സ്ത്രീകളെ എത്തിച്ചായിരുന്നു നടത്തിപ്പുകാരായ ദിനുവും ഭാര്യയും പെൺവാണിഭം നടത്തിയിരുന്നത്.