മുംബൈ: മുംബൈയില്‍ ബുധനാഴ്ച ഒഴിവായത് വന്‍ വിമാന ദുരന്തം. എയര്‍ ഇന്ത്യ, വിസ്താര വിമാനങ്ങള്‍ നേര്‍ക്കു നേരെ വന്നുവെങ്കിലും സെക്കന്‍ഡുകളുടെ വിത്യാസത്തില്‍ കൂട്ടിയിടിയില്‍ നിന്ന് ഒഴിവാകുകയായിരുന്നു. 100 അടി വരെ അടുത്തെത്തിയ ശേഷമാണ് വിമാനങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഫെബ്രുവരി ഏഴിന് രാത്രി എട്ടു മണിയോടെയാണ് സംഭവം. മുംബൈയില്‍ നിന്നും ഭോപ്പാലിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എയര്‍ ബസ് 319 ഉം ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് വന്ന വിസ്താര എ-320 നിയോ യു.കെ 997യുമാണ് കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. 27,000 അടി ഉയരത്തിലാണ് എയര്‍ ഇന്ത്യ വിമാനം പറന്നിരുന്നത്.
152 യാത്രക്കാരുമായി എത്തിയ വിസ്താര 29,000 അടി ഉയരത്തിലായിരുന്നു. എന്നാല്‍ എട്ടുമണിയോടെ വിസ്താര 27,100 അടിയിലേക്ക് താഴുകയായിരുന്നു. 100 അടി മാാത്രം വ്യത്യാസത്തില്‍ ഇരുവിമാനങ്ങളും എതിര്‍ദിശയിലേക്ക് കടന്നുപോയി. അടുത്തകാലത്ത് ആകാശത്ത് നേരിട്ട ഏറ്റവും വലിയ അപകട സാധ്യതയായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ വിസ്താരയിലെ രണ്ട് പൈലറ്റുമാരില്‍ നിന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വിശദീകരണം തേടി. എന്നാല്‍ വിമാനം 27,000 അടിയിലേക്ക് താഴ്ന്ന് പറക്കാന്‍ നല്‍കിയ നിര്‍ദേശമാണ് പൈലറ്റുമാര്‍ പാലിച്ചതെന്ന് വിസ്താര പറയുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളിനും വിസ്താര പൈലറ്റുമാര്‍ക്കും സംഭവിച്ച പിഴവാണ് ഇതിനു പിന്നിലെന്ന് എയര്‍ ഇന്ത്യ അധികൃതരും പറയുന്നു.
ജനുവരി 28നും സമാനമായ രീതിയില്‍ ആകാശ ദുരന്തം ഒഴിവായിരുന്നു. നാഗ്പൂരിനു മുകളില്‍ ഇന്‍ഡിഗോയും എമിറേറ്റ്‌സും കുറഞ്ഞ ദൂരപരിധി മറികടന്നിരുന്നു.
