കൊച്ചി:

കൊച്ചിയില്‍ പരീക്ഷണപ്പറക്കിലിനിടെ നാവിക സേനയുടെ ആളില്ലാ വിമാനം തകര്‍ന്ന് വീണു. വെല്ലിംഗ്ടണ്‍ ഐലന്റിലെ ഇന്ധനസംഭരണിയ്‌ക്ക് സമീപമാണ് തകര്‍ന്ന് വീണതെങ്കിലും ടാങ്കില്‍ ഇന്ധനം ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. നാവിക സേന വിമാനത്താവളത്തില്‍ ഉപരാഷ്‌ട്രപതി എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു അപകടം.

വലിയ ദുരന്തം തലനാരിഴയ്‌ക്കാണ് ഒഴിവായത്. യന്ത്രതകരാര്‍ മൂലം നാവികസേനയുടെ ആളില്ല വിമാനം തകര്‍ന്ന് വീണത് വെല്ലിഗ്ടണ്‍ ഐലന്‍റിലെ മട്ടാ‌ഞ്ചേരി വാര്‍ഫിനടുത്തുള്ള എച്ച്‌എച്ച്എ പ്ലാന്‍റിനടുത്ത്. കൊച്ചിയില്‍ എത്തുന്ന പെട്രോളും ഡീസലും അടക്കമുള്ള ഇന്ധനം സൂക്ഷിക്കുന്ന സംഭരണിയാണത്. വിമാനം വീഴുന്നതിനിടെ ഒരു സംഭരണിയ്‌ക്ക് നേരിയ തകരാര്‍ പറ്റിയെങ്കിലും ഈ ടാങ്കില്‍ ഇന്ധനം ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

വിമാനം പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളിലാണ് തകര്‍ന്ന് വീണത്. പറന്നുയരുമ്പോള്‍ തന്നെ വിമാനം അപകട സാധ്യത പ്രകടിപ്പിച്ചിരുന്നതാണ് വിവരം. കടലില്‍ നിരീക്ഷണം നടത്താന്‍ ഉപയോഗിക്കുന്ന ആളില്ല വിമാനം റിമോട്ട് കണ്‍ട്രോളിലൂടെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവിക സേന വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയില്‍ എത്തുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പായിരുന്നു അപകടം. ഗുരുതരതമായ സുരക്ഷ വീഴ്ചയെക്കുറിച്ച് നാവിക സേന അന്വേഷണം തുടങ്ങി.

ആളില്ലാ വിമാനം വിമാനത്താവളത്തിന് പുറത്ത് വീണതിനാല്‍ പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ഉപരാഷ്ട്രപതി 12മണിക്ക് ഐഎഎന്‍സ് ഗരുഡയില്‍ വിമാനം ഇറങ്ങിയെന്ന് നാവിക സേന അറിയിച്ചു.