മുംബൈ: ദുബായ് - കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍വച്ച് യാത്രക്കാരന്‍ ഇസ്ലാമിക സ്റ്റേറ്റിനെകുറിച്ച് പ്രസംഗിച്ചതിനെതുടര്‍ന്ന് വിമാനം മുംബെയില്‍ അടിയന്തിരമായി നിലത്തിറക്കി. രാവിലെ 4.25നു വിമാനം ദുബായില്‍ നിന്ന് പറന്നുയര്‍ന്നയുടനെ ഐ എസിനെകുറിച്ചും ഇസ്ലാമിക മൂല്യങ്ങളെ കുറിച്ചും ഇയാള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കുകയായിരുന്നു. യാത്രക്കാര്‍ പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഐ എസ് അനുഭാവിയെന്ന് സംശയിക്കുന്നയാളെ പിന്നീട് യാത്രക്കാര്‍ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് വിമാനം മുംബൈയില്‍  ഇറക്കുകയായിരുന്നു. മുംബൈ വിമാനതാവളത്തില്‍ സി ഐ എസ് എഫ് ഇയാളെ ചോദ്യംചെയ്തുവരികയാണ്. വിമാനം പിന്നീട് കോഴിക്കോടേക്ക് യാത്രതിരിച്ചു. എന്നാല്‍ ഐ എസിനെകുറിച്ചു സംസാരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഐ എസ് അനുകൂല പ്രസംഗം നടത്തിയപ്പോള്‍ യാത്രക്കാര്‍ ഒന്നടങ്കം എഴുന്നേറ്റു പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതു കേള്‍ക്കാതെ പ്രസംഗം തുടര്‍ന്നതോടെയാണ് യാത്രക്കാര്‍ ഇയാളെ നിര്‍ബന്ധിപ്പിച്ച് സീറ്റില്‍ ഇരുത്തിയത്. വിവരം മുംബൈ വിമാനത്താവള അധികൃതരെ അറിയിച്ചതോടെയാണ് വിമാനം മുംബൈയില്‍ ഇറക്കിയത്. ഉടന്‍ തന്നെ സി ഐ എസ് എഫ് അധികൃതര്‍ എത്തി ഐ എസ് അനുകൂല പ്രസംഗം നടത്തിയ ആളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനുശേഷമാണ് വിമാനം കോഴിക്കോടേക്ക് പുറപ്പെട്ടത്.