റിയാദ്: സൗദിയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന മഴയില്‍ രണ്ട് പേരു മരിച്ചതായും നാലു പേരെ കാണാതായതായും സൗദി സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂം സെന്‍റര്‍ അറിയിച്ചു. മഴക്കെടുതി ഏറ്റവും കൂടതല്‍ അനുഭവപ്പെട്ട അസീർ മേഖലയിലാണ് ഒരാൾ മരിച്ചത്. 

മഴവെള്ളപാച്ചിലിൽപ്പെട്ട കാറിൽ ഉണ്ടായിരിന്ന സ്വദേശി വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം അബഹയിൽ മരിച്ചത്.മറ്റൊരു മരണം ഉണ്ടായത് റിയാദിലാണ് അസീറിലും റിയാദിലുമായാണ് രണ്ടു പേരെ കാണാതായതും. മഴക്കെടുതിയിൽ സഹായം അഭ്യർത്ഥിച്ചു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നായി 1275 ഓളം പേരാണ് സിവില്‍ ഡിഫന്‍സിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടത്.

ഇതിൽ ഏറ്റവും കൂടുതൽ പേരു സഹായം അഭ്യർത്ഥിച്ചു വിളിച്ചത് അസീര് മേഖലയിൽ നിന്നാണ്. മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലും മറ്റും കുടുങ്ങിപ്പോയ 562 പേരെ വിവിധ സ്ഥലങ്ങളിൽനിന്ന് സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. 

44 പേരെ റിയാദിൽനിന്നും 28 പേരെ അസീറിലും കിഴക്കന്‍ പ്രവിശ്യയിൽനിന്നുമായും രക്ഷപ്പെടുത്തി. മഴവെള്ളപാച്ചലിൽ വാഹനങ്ങളില്‍ കുടുങ്ങിയവരായിരുന്നു കൂടുതലും. മഴക്കെടുതിയിൽപ്പെട്ട 79 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 

മുന്നറിയിപ്പുകള്‍ നല്‍കുന്ന ഘട്ടങ്ങളില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനങ്ങളോട് അഭ്യർത്ഥിച്ചു.