തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ സഹായ ഹബ് ആയി തിരുവനന്തപുരം. ഇവിടങ്ങളിൽനിന്നു രക്ഷപ്പെടുത്തി എത്തിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതിനും ഈ ജില്ലകളിലേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനും മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരെ രക്ഷാ പ്രവർത്തനത്തിന് അയക്കുന്നതിനുമുള്ള ഊർജിത ശ്രമങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ മേഖലയിലും വർക്കലയിലുമാണ് പത്തനംതിട്ട ജില്ലയിൽനിന്നു രക്ഷപ്പെടുത്തുന്ന ആളുകളെ എത്തിക്കുന്നത്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും പ്രത്യേക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

700 പേർക്കുള്ള ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും ഇന്നു രാവിലെ എയർഫോഴ്‌സിന്റെ ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്ക് അയച്ചു. ഇവ ദുരിതബാധിത മേഖലകളിൽ എയർ ഡ്രോപ്പ് നടത്തും. എറണാകുളത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും ഹെലികോപ്റ്ററിൽ അയച്ചിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് അയക്കാനുള്ള ഭക്ഷ്യ വസ്തുക്കളും കുടിവെള്ളവും ടെക്‌നിക്കൽ ഏരിയയിൽ സംഭരിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകൾ വരുന്ന മുറയ്ക്ക് ഇവ അവിടേയ്ക്കു കൊണ്ടുപോകും. 3000 പേർക്കുള്ള ഭക്ഷണവും 200 ലൈഫ് ജാക്കറ്റുകളും സൈന്യം ടെക്‌നിക്കൽ ഏരിയയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവയും വൈകാതെ പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിൽ എത്തിക്കും.

ദേശീയ ദുരന്ത നിവാരണ സേനയുടെ 125 പേർ അടങ്ങുന്ന സംഘം ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവരെ ഏഴു സംഘങ്ങളായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് അയച്ചു. ഇതിനായി പ്രത്യേക കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ വാഹനങ്ങളും വിന്യസിച്ചിരുന്നു.

തിരുവനന്തപുരത്തേക്ക് എത്തുന്ന ആളുകൾക്കു താമസിക്കുന്നതിന് സൗകര്യവും മറ്റു നൽകുന്നതിനു വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളുമടക്കം നിരവധി പേർ മുന്നോട്ടുവന്നിട്ടുണ്ട്. നിരവധി ആളുകളാണു ജില്ലാ ഭരണകൂടം തുറന്നിരിക്കുന്ന കേന്ദ്രങ്ങളിൽ ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളുമെത്തിക്കുന്നത്. പ്രിയദർശിനി ഹാളിൽ തുറന്ന കേന്ദ്രത്തിൽ ലഭിച്ച സാധനങ്ങൾ ഇന്നു രാവിലെ ദുരിത ബാധിത കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകും.

പത്തനംതിട്ടയിലെ രക്ഷാ പ്രവർത്തനത്തിനായി തിരുവനന്തപുരത്തുനിന്ന് 25 ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ ഇന്നു പുലർച്ചെ പുറപ്പെട്ടു. പൂന്തുറ, വിഴിഞ്ഞം ഭാഗങ്ങളിൽനിന്നുള്ളവരാണ് ഇവർ. പത്തനംതിട്ടയിൽനിന്നു സൈന്യം രക്ഷപ്പെടുത്തി വ്യോമമാർഗം വർക്കലയിലെത്തിക്കുന്നവരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്നതിനായി ശിവഗിരി കൺവൻഷൻ സെന്ററിൽ ഹെൽപ്പ് ലൈൻ തുടങ്ങി.. നമ്പർ 9400667726, 8129311048, 8921185920.

ജില്ലയിൽ കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുന്ന മേഖലകളിൽ ടാങ്കർ ലോറികലിൽ വെള്ളമെത്തിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. കുടിവെള്ളം എത്താത്ത മേഖലകൾ കണ്ടെത്തി ടാങ്കറിൽ വെള്ളം എത്തിക്കുന്നതിനു വില്ലേജ് ഓഫിസർമാരെ ചുമതലപ്പെടുത്തി. ജില്ലയിൽ ഏഴു ഗ്രാമീണ ജലവിതരണ പദ്ധതികളൊഴികെയുള്ള എല്ലാ പദ്ധതികളും പൂർണ തോതിൽ പ്രവർത്തിക്കുന്നതായി വാട്ടർ അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കത്തെത്തുടർന്നു വലിയകുളം, കുന്നത്തുകാൽ, ആര്യൻകോട്, മണിക്കൽ, ആര്യനാട്, പൂവച്ചൽ എന്നിവിടങ്ങളിലേക്കുള്ള പദ്ധതികളിലൂടെ ജലവിതരണം പൂർണ തോതിൽ നടക്കുന്നില്ല. ഇതിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണു ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കുക.

രണ്ടു ദിവസത്തിനകം ഇവ പൂർണ പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുന്നു. ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്നും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ദുരിത ബാധിതർക്കുള്ള അവശ്യവസ്തുക്കളുമായി കോട്ടയ്ക്കകം പ്രിയദർശനി ഹാളിൽനിന്നു ലോറി പുറപ്പെടും.  31 ചാക്ക് അരി, 19 പെട്ടി സ്‌നാക്‌സ്, 9 ചാക്ക് പഞ്ചസാര, ഒരു ചാക്ക് ഉപ്പ്, അഞ്ച് പെട്ടി അച്ചാർ, ഓട്‌സ്, രണ്ടു പെട്ടി പാൽപ്പൊടി, 12 കെട്ട് പായ, രണ്ടു പെട്ടി കൊതുകുതിരി, മരുന്നുകൾ തുടങ്ങിയവയുമായാണ് ലോറി പത്തനംതിട്ടയിലേക്കു പോകുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണു പൊതുജനങ്ങളിൽനിന്ന് അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത്. പ്രിയദർശിനി ഹാളിനു പുറമേ വഴുതയ്ക്കാട് വിമൻസ് കോളജിലും താലൂക്ക് ഓഫിസുകളിലും സഹായങ്ങൾ സ്വീകരിക്കുന്നുണ്ട്. ഭക്ഷ്യ വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ആന്റി സെപ്റ്റിക് ലോഷൻ, കമ്പിളി, വസ്ത്രങ്ങൾ തുടങ്ങി ദുരിത ബാധിതർക്ക് ആവശ്യമുള്ള വസ്തുകകൾ എത്തിക്കാം.