ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി കാറൽമണ്ണയിലെ ഹാദി ട്രേഡേഴ്സ് എന്ന കുപ്പിവെള്ള കമ്പനി ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചു പൂട്ടി. മാനദണ്ഡങ്ങൾ പാലിച്ചല്ല കമ്പനിയുടെ പ്രവർത്തനമെന്ന് പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. അനധികൃത കുപ്പിവെള്ള കമ്പനികളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.

ഹാദി, റുവ എന്നീ പേരുകളിൽ കുപ്പിവെള്ളം വിറ്റിരുന്ന ചെർപ്പുളശ്ശേരി കാറൽമണ്ണയിലെ ഹാദി ട്രേഡേഴ്സാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അടച്ചു പൂട്ടിയത്. നോൺ കാർബണേറ്റഡ് വാട്ടർ ബേസ്ഡ് ബിവറേജസ് എന്ന വിഭാഗത്തിൽ വെള്ളം വിറ്റിരുന്ന കമ്പനിയിൽ ഉദ്യോഗസ്ഥരെത്തുമ്പോൾ ഉണ്ടായിരുന്നത് മുഴുവൻ ഒഴിഞ്ഞ ജാറുകൾ. വെള്ളത്തിന്‍റെ ഉറവിടം സംബന്ധിച്ച ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി ഇല്ലാതായതോടെയാണ് കമ്പനി അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ സ്വന്തമായി ലാബും പരിശോധകരും വേണമെന്നാണ് നിയമം. ഇവിടെ ഇതില്ലെന്ന് മാത്രമല്ല, ഗുണമേന്മ പരിശോധനാ ഫലവും തൃപ്തികരമായി ഹാജരാക്കാൻ കമ്പനി ഉടമക്ക് ആയില്ല. ഈ സാഹചര്യത്തിലാണ് കമ്പനി ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അടച്ചു പൂട്ടിയത്. 4 മണിക്കൂർ നീണ്ട പരിശോധനക്കൊടുവിലാണ് നടപടി. അനധികൃതമായി വെള്ളം വിൽക്കുന്ന മറ്റു കമ്പനികളിലും പരിശോധന നടത്താനാണ് അധികൃതരുടെ നീക്കം. പാലക്കാട് അനധികൃത കുപ്പിവെള്ള കമ്പനികൾ വ്യാപകമെന്നും ഇവർ വിൽക്കുന്നത് ഗുണമേന്മയില്ലാത്ത വെള്ളമാണെന്നുമുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജയടക്കമുള്ളവർ പരിശോധനക്ക് നിർദ്ദേശിക്കുകയായിരുന്നു.