മഴ മാറിനിന്നതോടെ വെള്ളപ്പൊക്കത്തിന് ഇന്ന് ചെറിയ ശമനം ഉണ്ടയെങ്കിലും ദുരിതാശ്വാസ  ക്യാമ്പുകള്‍ ശാന്തമായിട്ടില്ല. ആവശ്യത്തിനു ഭക്ഷണവും വെള്ളവും വൈദ്യസഹായവും ലഭ്യമാകാതെ വലയുകയാണ് പല ക്യാമ്പുകളിലും ജനങ്ങള്‍. 

കൊച്ചി: മഴ മാറിനിന്നതോടെ വെള്ളപ്പൊക്കത്തിന് ഇന്ന് ചെറിയ ശമനം ഉണ്ടയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ശാന്തമായിട്ടില്ല. ആവശ്യത്തിനു ഭക്ഷണവും വെള്ളവും വൈദ്യസഹായവും ലഭ്യമാകാതെ വലയുകയാണ് പല ക്യാമ്പുകളിലും ജനങ്ങള്‍. 

കൊച്ചി നഗരത്തിലുള്ള ക്യാമ്പുകളില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും വസ്ത്രവും മരുന്നുകളും എത്തുന്നുണ്ടെങ്കിലും ഉള്‍പ്രദേശത്തെ ക്യാമ്പുകളില്‍ ഇവ എത്തിക്കാന്‍ ആകാത്ത സ്ഥിതിയാണ്. പല ക്യാമ്പുകളും ചുറ്റും വെള്ളം കയറി ഒറ്റപ്പെട്ട അവസ്ഥയില്‍ ആണെന്നതിനാല്‍ ഭക്ഷണവും മറ്റു സാധനങ്ങളും എത്തിക്കല്‍ ദുഷ്‌കരം ആണ്. 

പെട്ടെന്നുണ്ടായ മഴയിലും വെള്ളപ്പാച്ചിലിലും അടിയന്തിരമായി ആരംഭിച്ച ക്യാമ്പുകളില്‍ അധിക ദിവസത്തേക്കുള്ള സാധനങ്ങള്‍ ശേഖരിക്കാന്‍ ആയിരുന്നില്ല. വിചാരിച്ചതിലും കൂടുതല്‍ ആളുകള്‍ ക്യാമ്പുകളിലേക്ക് എത്തിയതോടെ പ്രവര്‍ത്തനം തുടങ്ങി ഒന്ന് രണ്ടു ദിവസം കൊണ്ട് ശേഖരിച്ച വസ്തുക്കള്‍ തീരുകയും ചെയ്തു. വെള്ളം കയറിയ പ്രദേശങ്ങളിലെ കടകളില്‍ നിന്ന് അവശ്യവസ്തുക്കള്‍ ശേഖരിക്കാനും ആകുന്നില്ല. യുസി കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഇന്ന് 6000 ആളുകളാണ് ഉള്ളത്. രാത്രി ആകുന്നതോടെ കൂടുതല്‍ ആളുകള്‍ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്നത്തേക്കു കൂടിയുള്ള ഭക്ഷണം മാത്രമാണ് കൈവശം ഉള്ളതെന്ന് കോ ഓര്‍ഡിനേറ്റര്‍ ദീപിക പറഞ്ഞു. 

അങ്കമാലി പോലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങി കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യത്തിനും മറ്റു സംവിധാനങ്ങള്‍ക്കും ഭക്ഷണവിതരണത്തില്‍ ശ്രദ്ധിക്കാന്‍ ആയിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും ക്യാമ്പിലേക്ക് മാറാന്‍ തയ്യാറാകാത്തവര്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു.
ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് പ്രത്യേകിച്ച് പ്രായമായവര്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും മരുന്നും ഡോക്ടറുടെ സേവനവും അത്യാവശ്യമാണ്. ഭക്ഷണം വെള്ളം വൈദ്യസഹായം എന്നിവയില്‍ അടിയന്തിരമായി ശ്രദ്ധപതിപ്പിച്ചില്ലെങ്കില്‍ ക്യാമ്പുകളിലെ ജീവിതം കൂടുതല്‍ ദുരിതമാവുകയും പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാന്‍ ഇടയാവുകയും ചെയ്യും.