പണയംവച്ച 138 ഗ്രാം സ്വര്‍ണം ബാങ്ക് തിരിച്ചു നല്‍കിയില്ല; കാരണം ആരെയും ആശ്ചര്യപ്പെടുത്തും

ചെന്നൈ: പണയത്തിന് സ്വര്‍ണം നല്‍കി വായ്പ്പയെടുത്ത തുകയും പലിശയും തിരിച്ചടച്ചിട്ടും സ്വര്‍ണം തിരിച്ചുകിട്ടിയില്ലെന്ന് കാണിച്ച് ചെന്നൈ സ്വദേശി ഹൈക്കോടതിയില്‍. സ്വര്‍ണം തിരിച്ചു നല്‍കാതിരിക്കാന്‍ ബാങ്ക് അറിയിച്ച കാരണമാണ് അതിലും ആശ്ചര്യം. ഒരു രൂപ കുടിശ്ശികയുള്ളതിനാല്‍ സ്വര്‍ണം തിരിച്ചു നല്‍കാനാവില്ലെന്നായിരുന്നു ബാങ്ക് ഉപഭോക്താവിന് നല്‍കിയ മറുപടി. തമിഴ്നാട്ടിലെ കാഞ്ചിപുരം സെന്‍ട്രല്‍ കോപ്പറേറ്റീവ് ബാങ്കിലാണ് സംഭവം.

17.25 പവന്‍ സ്വര്‍ണമാണ് ചെന്നൈ സ്വദേശിയായ യുവാവ് പണയം വച്ചത്. ഏകദേശം 3.50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം. വായ്പയെടുത്തതാകട്ടെ 1.23 ലക്ഷം രൂപയും. പലിശയടക്കം വായ്പാ തുക തിരിച്ചടച്ച സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ ബാങ്കിന്‍റെ മറുപടി ഇങ്ങനെ. കുടിശ്ശിക ഇനത്തില്‍ ഒരു രൂപ കൂടി ബാങ്കിന് ലഭിക്കാനുണ്ട്. സ്വര്‍ണം തിരിച്ചു നല്‍കാന്‍ സാധിക്കില്ല. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി യുവാവ്.

ബാങ്കിന്‍റെ മറുപടിയില്‍ അതൃപ്തനായ അയാള്‍ ആദ്യം ഒരു രൂപ അടയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് തുക അടയ്ക്കാമെന്ന് അറിയിച്ചപ്പോള്‍ ബാങ്ക് വഴങ്ങിയുമില്ല. ഒരു രൂപ കുടിശ്ശികയുടെ പേരില്‍ സ്വര്‍ണം പിടിച്ചുവച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഉപഭോക്താവായ യുവാവ് ഇപ്പോള്‍.