പ്രതിപക്ഷ പ്രക്ഷോഭം ശക്തമാകുന്നു പ്രതിപക്ഷ റാലിക്ക് ഇന്ന് തുടക്കം

ചെന്നൈ: കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു. കാവേരി ഡെല്‍റ്റ മേഖലയില്‍ കുഴിയിലിറങ്ങി മണ്ണിട്ടുമൂടിയാണ് കർഷകർ സമരം തുടരുന്നത്. ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ റാലി ഇന്ന് വൈകുന്നേരം തുടങ്ങും. ചുട്ടുപഴുത്തു കിടക്കുന്ന കാവേരിയുടെ മണല്‍പരപ്പില്‍ സ്വയം കുഴിച്ചുമൂടിക്കൊണ്ടായിരുന്നു കർഷകരുടെ പ്രതിഷേധം.

കർഷകസംഘടനാ നേതാവ് അയ്യാക്കണ്ണിന്‍റെ നേതൃത്വത്തിലായിരുന്നു ഈ സമരം. വരുംദിവസങ്ങളില്‍ ഇതിലും തീവ്രമായ ശൈലിയിലുള്ള പ്രതിഷേധങ്ങള്‍ മേഖലയില്‍ ഉണ്ടാകുമെന്നുറപ്പ്. കാവേരിയുടെ തീരത്ത് ഉറവുപൊട്ടിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ ഏകോപിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമം.

അവരുടെ രണ്ടാം ഘട്ട സമരം ഡെല്‍റ്റ മേഖലയിലൂടെ പ്രതിഷേധ റാലിയുടെ രൂപത്തിലാണ്. തിരുച്ചിറപ്പിള്ളി മുക്കൊമ്പില്‍ നിന്നും അരിയല്ലൂരില്‍ നിന്നും ആണ് റാലികള്‍ തുടങ്ങുക. തിരുച്ചിറപ്പിള്ളിയില്‍ നിന്നുള്ള റാലി ഇന്ന് വൈകുന്നേരവും അരിയല്ലൂർ റാലി തിങ്കളാഴ്ചയും തുടങ്ങും. രണ്ടുറാലികളും കടലൂരിലാണ് സമാപിക്കുക.

സുപ്രീം കോടതിയിലാണ് തമിഴ്നാടിന്‍റെ പ്രതീക്ഷ മുഴുവൻ. കേന്ദ്രത്തിനെതിരെ സമർപ്പിച്ച ഹർജി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. പ്രതിഷേധങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ശൈലീമാറ്റം നിശ്ചയിക്കുന്നതില്‍ ഇനി നി‌ർണായകം സുപ്രീംകോടതിയുടെ നിലപാട് ആകും.