ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ അത് ഖജനാവിന് കാര്യമായ വരുമാന വര്‍ധനവ് ഉണ്ടാകില്ലെന്ന് മണി എക്‌സ്‌ചേഞ്ച് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തലാല്‍ ബഹ്മാന്‍ സൂചിപ്പിച്ചു. സര്‍ക്കാര്‍ ഖജനാവിലേക്ക് എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ ലക്ഷ്യം വച്ചുള്ള നീക്കത്തിന്റെ ഭാഗമായിട്ട് വേണം നികുതി നിര്‍ദേശത്തെ കാണേണ്ടത്. 

കഴിഞ്ഞ പാര്‍ലമെന്റില്‍ അംഗങ്ങള്‍ ഇത് അവതരിപ്പിച്ചിരുന്നെങ്കില്ലും, സര്‍ക്കാര്‍ അനുകൂലിച്ചിരുന്നില്ല.എന്നാല്‍,പുതിയ അംഗങ്ങള്‍ ഇത് നടപ്പാക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്. നൂറ് കുവൈത്ത് ദിനാറില്‍ താഴെയാണ് അയക്കുന്നതെങ്കില്‍ രണ്ട് ശതമാനം, നൂറ് മുതല്‍ 499 വരെ 4 ശതമാനം, 500 ദിനാറിന് മുകളിലാണങ്കില്‍ 5 ശതമാനം നികുതി ചുമത്തണമെന്നുള്ളതാണ് പ്രധാനം നിര്‍ദേശം.

രാജ്യത്തെ ആകെ ജനസംഖ്യ 43 ലക്ഷം ഉള്ളതില്‍ മുപ്പത് ലക്ഷവും വിദേശി സമൂഹമാണന്നിരിക്കെ, നികുതി ഏര്‍പ്പെടുത്തിയാല്‍ അനധികൃത പണമിടപാടുകള്‍ വര്‍ധിക്കുമെന്നും അത് രാജ്യത്തിന്റെ സമ്പദ് ഘടനയെ ദോഷകരമായി ബാധിക്കുമെന്നുമാണ് മണി എക്‌സ്‌ചേഞ്ച് അസോസിയേഷന്റെ വിലയിരുത്തല്‍.