ട്രംപിൻറെ പോസ്റ്റിനോട് പ്രതികരിക്കാത്ത ഇന്ത്യ ട്രംപിൻറെ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന തള്ളിക്കളഞ്ഞു.
ദില്ലി: ഇന്ത്യ യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണൾഡ് ട്രംപ്. ‘ഇരുണ്ട ദൂരൂഹ’ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നായിരുന്നു ട്രംപിന്‍റെ പരിഹാസ വാക്കുകള്‍. ട്രംപിന്‍റെ പോസ്റ്റിനോട് പ്രതികരിക്കാത്ത ഇന്ത്യ ട്രംപിന്‍റെ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന തള്ളിക്കളഞ്ഞു. തിങ്കളാഴ്ച നടക്കുന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും.
തെറ്റിദ്ധാരണാജനകവും വസ്തുതയില്ലാത്തതുമായ പ്രസ്താവന നവാറോ നടത്തിയത് ശ്രദ്ധയിൽപെട്ടു. ഇത് ഇന്ത്യ തള്ളിക്കളയുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഒരമേരിക്കൻ പ്രസിഡൻറും ഇന്ത്യയ്ക്കെതിരെ അടുത്ത കാലത്തൊന്നും നടത്താത്ത പ്രസ്താവനയാണിത്. നരേന്ദ്ര മോദിയും ഷി ജിൻപിങും പുടിനും ഒന്നിച്ചു നില്ക്കുന്നതിന്‍റെ ചിത്രം നൽകിക്കൊണ്ടാണ് ട്രംപ് മൂന്ന് രാജ്യങ്ങളെയും പരിഹസിക്കുന്നത്. രണ്ടു രാജ്യങ്ങളും സുതാര്യമല്ലാത്ത ചൈനയുടെ പക്ഷത്തേക്ക് മാറി എന്ന സന്ദേശമാണ് തന്‍റെ സഖ്യകക്ഷികൾക്ക് ട്രംപ് നൽകുന്നത്. മൂന്ന് രാജ്യങ്ങൾക്കും ഒന്നിച്ച് നീണ്ട സമൃദ്ധ ഭാവിയുണ്ടാകട്ടെ എന്നും ട്രംപ് പറയുന്നു.
ട്രംപിന്‍റെ പ്രസ്താവനയോട് തൽക്കാലം പ്രതികരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ സഹകരണം മുന്നോട്ടു കൊണ്ടു പോകണം എന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുന്നു. എന്നാൽ ഇത് പരസ്പര ബഹുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കണം. ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ യുക്രെയിൻ യുദ്ധം മോദിയുടെ യുദ്ധമാണെന്ന് വിശേഷിപ്പിച്ചത് അസ്വീകാര്യമെന്നും വിദേശകാര്യമന്ത്രാലയം ആഞ്ഞടിച്ചു.
ഇരട്ട തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നിലപാട് ചർച്ച ചെയ്യാൻ തിങ്കളാഴ്ച ബ്രസീൽ വിളിച്ചിരിക്കുന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യ തീരുമാനിച്ചതും ട്രംപിനുള്ള താക്കീതാണ്. പ്രധാനമന്ത്രിക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ ചൈന ബന്ധം ശക്തമാകുന്നതിനെ സ്വാഗതം ചെയ്യുന്ന നിലപാട് ശശി തരൂർ ആവർത്തിച്ചു.
ഇന്ത്യ ചൈനീസ് പക്ഷത്തെന്ന് വിശേഷിപ്പിച്ച ട്രംപ് നടത്തിയ പ്രസ്താവന ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധം എത്ര ഇടിഞ്ഞു എന്നതിന് തെളിവാണ്. ട്രംപിന്‍റെ താരിഫ് തത്ക്കാലം സാമ്പത്തിക വളർച്ചയെ ബാധിക്കുമെങ്കിലും ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്.

