സൗദി: സൗദിയില്‍ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വലിയ തോതില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും സ്വദേശീവല്‍ക്കരണ നടപടികളുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. 2017 ലെ കണക്കനുസരിച്ച് സൗദിയിലെ വിദേശതൊഴിലാളികള്‍ നാട്ടിലേക്കയച്ചത് 14,170 കോടി റിയാലാണ്.
2016-ല്‍ ഇത് 15,190 കോടി റിയാലായിരുന്നു. 2016-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നാട്ടിലേക്കയച്ച തുകയില്‍ 1,024 കോടി റിയാല്‍, അതായത് ഏഴ് ശതമാനം കുറഞ്ഞു. സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 2010 മുതല്‍ 2016 വരെ വിദേശ തൊഴിലാളികള്‍ അയക്കുന്ന പണം കൂടിക്കൊണ്ടിരിക്കുകയായിരുന്നു.
എട്ടു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റെമിറ്റന്‍സില്‍ കുറവ് വരുന്നത്. വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്, ലെവി, അവശ്യ സാധനങ്ങളുടെ വില വര്‍ധനവ് തുടങ്ങി പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. വരും വര്‍ഷങ്ങളില്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഇനിയും കുറവുണ്ടാകും എന്നാണു വിലയിരുത്തല്‍.
