തൃശൂര്‍: ഗുരുവായൂര്‍ മമ്മിയൂരില്‍ ഫ്‌ളാറ്റില്‍ നിന്നും വിദേശ വനിത ചാടിമരിച്ചു. റുമേനിയ സ്വദേശിനി റൊബര്‍ട്ടീനയാണ് ചാടിമരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്. ഭര്‍ത്താവ് ഹരിഹരനെ ഗുരുവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഗുരുവായൂര്‍ മമ്മിയൂരിലെ ഫ്‌ളാറ്റില്‍ നിന്നും ചാടിമരിക്കുകയായിരുന്നു റുമേനിയ സ്വദേശിനി റൊബര്‍ട്ടീന. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മാണിക്കത്തുപടി സ്വദേശി ഹരിഹരനുമായി അഞ്ച് മാസം മുമ്പാണ് റൊബര്‍ട്ടീനയുടെ വിവാഹം നടന്നത്. തുടര്‍ന്ന് ഇരുവരും മമ്മിയൂരിലെ ഫ്‌ളാറ്റില്‍ താമസിച്ചുവരുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ സെക്യൂരിറ്റി ജീവനക്കാരനാണ് റൊബര്‍ട്ടീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗുരുവായൂര്‍ പൊലീസിനെയും ഭര്‍ത്താവ് ഹരിഹരനെയും വിവരമറിയിച്ചു. പൊലീസെത്തി വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് ഹരിഹരനെ ഗുരുവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.