പ്രമുഖ തമിഴ് നടിയോടൊപ്പമുളള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ വിവാദ സ്വാമി നിത്യാനന്ദക്ക് തിരിച്ചടി. ദില്ലിയില്‍ നടന്ന ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് തെളിഞ്ഞു. നിത്യാനന്ദയുടെ മുന്‍ അനുയായി നല്‍കിയ കേസിലാണ് പരിശോധന നടന്നത്. 2010ല്‍ പുറത്തുവന്ന രംഗങ്ങളിലുളളത് താനല്ലെന്ന് നിത്യാനന്ദ ആവര്‍ത്തിച്ചിരുന്നു

2010ല്‍ ഒരു തമിഴ് ചാനല്‍ പുറത്തുവിട്ട കിടപ്പറ രംഗങ്ങളാണ് നിത്യാനന്ദയെ ലൈംഗിക വിവാദത്തിലാക്കിയത്. പ്രമുഖ തമിഴ് നടിയോടൊപ്പമുളള രംഗങ്ങള്‍ പുറത്തായതോടെ ആള്‍ദൈവത്തിനെതിരെ കേസെടുത്തു. അനുയായിയായിരുന്ന ലെനിന്‍ കുറുപ്പന്‍ ആയിരുന്നു പരാതിക്കാരന്‍. ലൈംഗികാതിക്രമ കേസ് ബെംഗളൂരു രാമനഗര കോടതിയുടെ പരിഗണനയിലാണ്. ഈ കേസിന്‍റെ ഭാഗമായാണ് ദൃശ്യങ്ങള്‍ പരിശോധിനക്ക് അയച്ചത്. ലെനിന്‍ കുറുപ്പന്‍ തന്നെയായിരുന്നു രഹസ്യക്യാമറ വച്ച് സ്വാമിയെ കുടുക്കിയത്. ദൃശ്യങ്ങളിലുളളത് താനല്ലെന്ന് പലതവണ നിത്യാനന്ദ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ദില്ലിയില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രംഗങ്ങള്‍ വ്യാജമല്ലെന്ന് തെളിഞ്ഞു. നിത്യാനന്ദ തന്നെയെന്നാണ് ദൃശ്യങ്ങളിലെന്നാണ് റിപ്പോര്‍ട്ട്. തന്നെ കരിവാരിത്തേക്കാന്‍ കൃത്രിമമായി ഉണ്ടാക്കിയതാണ് ദൃശ്യങ്ങളെന്ന നിത്യാനന്ദയുടെ വാദം കൂടിയാണ് പൊളിയുന്നത്.

തമിഴ്നാട്ടില്‍ ഏറെ സ്വീകാര്യതയുളള ആത്മീയാചാര്യനായിരുന്ന നിത്യാനന്ദയ്‌ക്ക് കിടപ്പറ രംഗങ്ങള്‍ വന്‍ തിരിച്ചടിയായിരുന്നു. കേസില്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം നേടി. രണ്ട് വര്‍ഷത്തിന് ശേഷം അമേരിക്കന്‍ യുവതിക്കെതിരെയും ലൈംഗിതാതിക്രമം നടത്തിയെന്ന വിവാദത്തില്‍പ്പെട്ടു. പിന്നീട് ഈ കേസിലും ജാമ്യം നേടി. വിവാദ ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം നടിയും നിത്യാനന്ദയും പരാതിയുമായെത്തിയിരുന്നു. അന്ന് ബെംഗളൂരുവിലെ ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയിലും ദൃശ്യങ്ങളിലുളളത് ഇരുവരും തന്നെയെന്ന് തെളിഞ്ഞു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലും ബെംഗളൂരു ബിദാദിയിലും നിത്യാനന്ദയ്‌ക്ക് ആശ്രമങ്ങളുണ്ട്. പൂര്‍വാശ്രമത്തില്‍ രാജശേഖന്‍ ആയിരുന്ന നിത്യാനന്ദ തമിഴ് പത്രങ്ങളില്‍ ആത്മീയപംക്തികള്‍ കൈകാര്യം ചെയ്ത് പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു.