മരം മുറിച്ച ആയുധങ്ങളും വാഹനവും പിടിച്ചെടുക്കാമെന്നിരിക്കെ തെൻമല ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഒന്നും അറിയാത്ത മട്ടിലാണ്.

കൊല്ലം: തെൻമലയില്‍ വനഭൂമിയില്‍ ഹാരിസണ്‍ അനധികൃതമായി മരം മുറിച്ചിട്ടും കണ്ണടച്ച് വനം വകുപ്പ്. മരം മുറിച്ച ആയുധങ്ങളും വാഹനവും പിടിച്ചെടുക്കാമെന്നിരിക്കെ ഒന്നും അറിയാത്ത മട്ടിലാണ് തെൻമല ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍. സീനിയറേജ് ഒഴിവാക്കിയതിന്‍റെ മറവില്‍ മരം വെട്ടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം ഹാരിസണ്‍ കാറ്റില്‍പ്പറത്തിയിരുന്നു. 

രാജമാണിക്യം റിപ്പോര്‍ട്ട് റദ്ദാക്കി പഴയ പടി തുടരാം എന്ന ഹൈക്കോടതി വിധിയുടെ മറവിലാണ് ഹാരിസണിന്‍റെ നിയമലംഘനങ്ങള്‍‍. ഭൂമി തിരിച്ച് പിടിക്കാൻ ഓരോ ജില്ലകളിലുമുള്ള സിവിള്‍ കോടതികളില്‍ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യാനിരിക്കെയാണ് തിരക്കിട്ട് മരം മുറിച്ച് കടത്തല്‍. സീനിയറേജ് ഒഴിവാക്കിയതിനെതിരെയുള്ള ഹര്‍ജികളില്‍ കേസ് നടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ മരം മുറിക്കുന്നതിന് വിലക്കുണ്ട്. വനം വകുപ്പ് നിയമം 51 എ വകുപ്പ് പ്രകാരം അത്തരത്തില്‍ വിലക്കുള്ള സ്ഥലത്ത് നിന്ന് മരം മുറിച്ച് കടത്തിയാല്‍ കേസ് എടുക്കാം. ആയുധങ്ങളും വാഹനവും പിടിച്ചെടുത്ത് കോടതിയെ വിവരം അറിയിക്കണം.

തെൻമല ഫോറസ്റ്റ് ഡിവിഷന്‍റെ പരിധിയില്‍ നെടുമ്പാറ എന്ന സ്ഥലത്ത് നിന്നാണ് കഴിഞ്ഞ ദിവസം ഹാരിസണ്‍ റബ്ബര്‍ മരം മുറിച്ച് കടത്തിയത്.പക്ഷേ കോടതി വിധി പഴയ പടി തുടരാം എന്ന് പറയുന്നത് കൊണ്ടാണ് കേസ് എടുക്കാത്തതെന്നാണ് തെൻമല ഡിഎഫ്ഒയുടെ വിശദീകരണം. മരം മുറിക്കുമ്പോള്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട സീനിയറേജ് തുക മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. മുറിക്കുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം നിലനില്‍ക്കുന്നുണ്ട്.

വനം വകുപ്പിന് മരം മുറിക്കണം എന്ന അപേക്ഷ നല്‍കണം. സ്ഥലം പരിശോധിക്കുന്ന വനം വകുപ്പ് മറ്റ് മരങ്ങളൊന്നും മുറിക്കില്ലെന്ന് ഉറപ്പ് വരുത്തും. പിന്നീട് പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ നിന്നല്ല മരം വെട്ടുന്നത് എന്നും പരിശോധിക്കേണ്ടതായുണ്ട്. എത്ര മരങ്ങള്‍ മുറിച്ച് മാറ്റുന്നു എന്ന കണക്കും ഡിഎഫ്ഒ ശേഖരിക്കും. പക്ഷേ ഇവിടെ അത്തരത്തിലുള്ള യാതൊരു നടപടിക്രമങ്ങളും നടന്നിട്ടില്ല.