ആനകളുടെ അസുഖം അഞ്ച് ദിവസത്തിലേറെ നീണ്ടുനിന്നാല്‍ ഉടമ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണം. ഇതിനായി വനംവകുപ്പിലെ അസിസ്റ്റൻറ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും വിദഗ്ധസമിതി രൂപീകരിക്കും
തൃശ്ശൂർ: ചികിത്സ കിട്ടാതെ നാട്ടാനകളുടെ മരണനിരക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് കര്‍ശന നടപടിയ്ക്കൊരുങ്ങുന്നു. ആനകളുടെ അസുഖം അഞ്ച് ദിവസത്തിലേറെ നീണ്ടുനിന്നാല്‍ ഉടമ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണം.മഇതിനായി വനംവകുപ്പിലെ അസിസ്റ്റൻറ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും വിദഗ്ധസമിതി രൂപീകരിക്കണമെന്നും പ്രിൻസിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് മുപ്പത്തിനാല് നാട്ടാനകളാണ് ചരിഞ്ഞത്. മിക്ക മരണവും സംഭവിച്ചത് മതിയായ ചികിത്സ കൃത്യസമയത്ത് കിട്ടാത്തത് മൂലമാണെന്ന് വനംവകുപ്പിന്‍റെ പരിശോധനയില്‍ കണ്ടെത്തി.
ആനകള്‍ക്ക് നല്ല ഭക്ഷണം വേണ്ടത്ര കിട്ടുന്നില്ലെന്നും അസുഖമുളള ആനകളെ പോലും എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്നുണ്ടെന്നും പ്രത്യേക സമിതിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആനകള്‍ക്ക് ചികിത്സ ഉറപ്പാക്കാൻ വനംവകുപ്പ് ഇടപെടുന്നത്.
