കഴിഞ്ഞ ഓഗസ്റ്റ് 8 നു മയക്കുവെടി വെച്ച് നൽകിയ പ്രാഥമിക ചികിത്സ ഫലം കാണാത്തതോടെയാണ് അടുത്ത ഘട്ട നടപടിയിലേക്ക് നീങ്ങുന്നത്.
പാലക്കാട്: കാഴ്ച നഷ്ടപ്പെട്ട പാലക്കാട്ടെ PT 5 എന്ന ചുരുളികൊമ്പന് രണ്ടാം ഘട്ട ചികിത്സ നൽകാനൊരുങ്ങി വനംവകുപ്പ്. കഴിഞ്ഞ ഓഗസ്റ്റ് 8 നു മയക്കുവെടി വെച്ച് നൽകിയ പ്രാഥമിക ചികിത്സ ഫലം കാണാത്തതോടെയാണ് അടുത്ത ഘട്ട നടപടിയിലേക്ക് നീങ്ങുന്നത്. മയക്കുവെടി വെച്ച് പിടികൂടി ധോണിയിലെ ആന ക്യാംപിലേക്ക് കൊണ്ടുപോയി ചികിൽസിക്കാനായിരിക്കും നീക്കം. ആനയെ നിരീക്ഷിച്ചു വരുന്ന സമിതി ഇതേസംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ഉടൻ കൈമാറും.
നേരത്തെ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് തുരത്തിയിരുന്നെങ്കിലും ആന എല്ലാദിവസവും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം മേഖലയിലെ PT 14 എന്ന ആന ചുരുളികൊമ്പനെ ആക്രമിച്ചു മുറിവേൽപ്പിച്ചിരുന്നു. ശരീരത്തിൽ പലയിടങ്ങളിൽ പരുക്കുണ്ട്. കൂടുതൽ സങ്കീർണമാകും മുമ്പ് രണ്ടാം ഘട്ട ദൗത്യം തുടങ്ങാനാണ് വനംവകുപ്പിന്റെ ശ്രമം. റേഡിയോ കോളറിലെ സിഗ്നൽ പരിശോധിച്ചു ആനയെ പ്രത്യേക സംഘം നിരീക്ഷിച്ചിരിക്കുകയാണ്


