പെരുമ്പാമ്പ്  പിടിമുറുകിയതോടെ കുടുങ്ങി പോയ ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകനാണ് രക്ഷിച്ചത്. 

കൊല്‍ക്കത്ത: പെരുമ്പാമ്പിനേയും വച്ച് ആള്‍ക്കൂട്ടത്തിന് മുന്നില്‍ ഷോ നടത്തിയ ഫോറസ്റ്റ് റേഞ്ചര്‍ക്ക് കിട്ടിയ പണി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടിയ ഫോറസ്റ്റ് ഓഫീസര്‍ ഇരുതോളിലുമായി അതിനെയും എടുത്ത് മൊബൈല്‍ ക്യാമറകള്‍ക്ക് മുന്‍പില്‍ പോസ് ചെയ്യുന്നതിനെ പെരുമ്പാമ്പ് കഴുത്തിന് ചുറ്റുകയായിരുന്നു. 

പെരുമ്പാമ്പ് പിടിമുറുകിയതോടെ കുടുങ്ങി പോയ ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകനാണ് രക്ഷിച്ചത്. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഗ്രാമത്തിലെത്തിയ പെരുമ്പാമ്പ് ആടിനെ പിടികൂടി ശാപ്പിടുന്നത് കണ്ട ഗ്രാമവാസികളാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. തുടര്‍ന്ന് ഇവിടെയെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി. തുടര്‍ന്നാണ് മൊബൈല്‍ ക്യാമറയുമായി ചുറ്റും കൂടിയ ഗ്രാമീണര്‍ക്ക് മുന്നില്‍ ഇദ്ദേഹം ചെറിയൊരു ഷോ സംഘടിപ്പിച്ചത്. 

ഗമ കൂട്ടാനായി പെരുമ്പാമ്പിനെ ഒറ്റയ്ക്ക് എടുത്ത അദ്ദേഹം സഹായിക്കാനെത്തിയ സഹപ്രവര്‍ത്തകെ തടയുകയും ചെയ്തു. ഇതിനിടയിലാണ് ആള്‍ക്കൂട്ടം കണ്ട് വിരണ്ട പെരുമ്പാമ്പ് പ്രാണരക്ഷാര്‍ത്ഥം ഫോറസ്റ്റ് റേഞ്ചറുടെ കഴുത്തിന് ചുറ്റിപിടിച്ചത്. 40 കിലോ ഭാരവും പതിനെട്ട് അടി നീളവുമുള്ള പാമ്പിന്റെ പിടിയില്‍പ്പെട്ട ഫോറസറ്റ് റേഞ്ചര്‍ ശ്വാസം കിട്ടാതെ പിടയുന്നതും മുഖം വലിഞ്ഞു മുറുകുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അപകടം മണത്ത സഹപ്രവര്‍ത്തകന്‍ പെരുമ്പാമ്പിനെ പിടിവിടീപ്പിച്ചതോടെ റേഞ്ചര്‍ പാമ്പിനേയും കൊണ്ട് വേഗത്തില്‍ സ്ഥലം കാലിയാക്കി.