മൂന്നാര്‍: നീലക്കുറിഞ്ഞി ദേശീയ ഉദ്യാനം സംരക്ഷിക്കുന്നതില്‍ വനം, റവന്യൂ വകുപ്പുകള്‍ക്ക് അനാസ്ഥ. സംരക്ഷിത മേഖലയിലെ കൈയ്യേറ്റമൊഴിപ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുന്ന 2015 ലെ ഹൈക്കോടതി ഉത്തരവും ഇടുക്കിയില്‍ പാലിച്ചില്ല. കൈയ്യേറ്റ ഭൂമിയില്‍ ഉണ്ടാകുന്ന തീപിടുത്തം തടയാന്‍ വനം വകുപ്പും നടപടിയെടുത്തില്ല.
നീലക്കുറിഞ്ഞി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച് ഒരുപതിറ്റാണ്ടിനു ശേഷവും കൊട്ടക്കമ്പൂര്‍ 58 ആം ബ്ലോക്കിലെ വന്‍കിടക്കാരെ ഒഴിപ്പിച്ച് ഉദ്യോനം സംരക്ഷിക്കാന്‍ റവന്യൂ വനം വകുപ്പുകള്‍ക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. കട്ടക്കാമ്പൂര്‍, കടവരി, പൊരിച്ചോല, കമ്പക്കല്ല് മേഖകളിലെ ജനവാസ കേന്ദ്രങ്ങള്‍ കടന്ന് മല കയറി അകത്തുചെന്നാല്‍ ചെങ്കുത്തായ മലകളെല്ലാം വന്‍കിടക്കാരുടെ കൈകളിലാണെന്നാണ് കാണാന്‍ സാധിക്കുക.
സംരക്ഷിത വന മേഖലയിലെ കൈയ്യേറ്റമൊഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ചുമതലയുണ്ടെന്ന് 2015 ല്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൈയ്യേറ്റക്കാരുടെ പറുദീസയായ കൊട്ടക്കാമ്പൂരില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. റവന്യൂ കണക്കു പ്രകാരം കൊട്ടക്കാമ്പൂരില്‍ മാത്രം 151 തണ്ടേപ്പേരുകളിലായി 170 കൈയ്യേറ്റക്കാര്‍. 135 പേരും വന്‍കിടക്കാര്‍. ഇക്കാലത്തിനിടെ ഏഴ് റദ്ദാക്കിയത് ഏഴ് പട്ടയങ്ങള്‍ മാത്രം. കുറിഞ്ഞിക്കാടുകളോട് ചേര്‍ന്ന കാട് അടിക്കടി കത്തിയമരുന്നതിനെപ്പറ്റി സമഗ്രാന്വേഷണം വനം വകുപ്പ് ഇതുവരെ നടത്തിയിട്ടില്ല.
കുറിഞ്ഞി ഉദ്യാനത്തിന്‍റെ സംരക്ഷണം വനം വകുപ്പിന്‍റേതാണ്. കൈയ്യേറ്റമൊഴിപ്പിക്കല്‍ ചുമത റവന്യൂവിനും. ഉദ്യാനം പ്രഖ്യാപിച്ച് ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും കൈയ്യേറ്റമൊഴിപ്പിച്ച് സംരക്ഷിക്കാന്‍ ഇരു വകുപ്പുകള്‍ക്കുമായിട്ടില്ലെന്നതാണ് വസ്തുത.
