സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തി 'ശിവാന' എന്ന പേരില്‍ സ്ഥാപനം തുടങ്ങി

തൃശൂര്‍: വീട് നിര്‍മാണ കരാര്‍ ഏറ്റെടുത്ത് പണവുമായി മുങ്ങുന്ന വിരുതന്‍ വലപ്പാട് പൊലീസിന്റെ വലയിലായി. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നിരവധി സമാന കേസുകളില്‍ പൊലീസ് അന്വേഷിച്ചിരുന്ന രമേഷ് ചന്ദ്രയാണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡി ആവശ്യപ്പെടുമെന്ന് വലപ്പാട് പൊലീസ് അറിയിച്ചു.

വലപ്പാട് ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്റെ പരാതിയിലാണ് രമേഷ് ചന്ദ്ര കുടുങ്ങിയത്. കരാര്‍ ഏറ്റെടുത്ത ശേഷം വീടിന്റെ ആദ്യ ഘട്ടം നല്ല രീതിയില്‍ പൂര്‍ത്തീകരിച്ച് വിശ്വാസം കൈപറ്റി. പിന്നീട് രണ്ടാം ഘട്ടത്തിന്റെ പണം കൈപറ്റി മുങ്ങുകയായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടിട്ടും വിവിധ ഇടങ്ങളില്‍ അന്വേഷിച്ചിട്ടും ആളെ കാണാതായതോടെയാണ് അധ്യാപകന്‍ വലപ്പാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എസ്‌ഐ ടി കെ ഷൈജുവിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 

വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് പറഞ്ഞ് നിരവധി ആളുകളില്‍ നിന്ന് ധാരാളം പണം തട്ടിയതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. കസ്ട്രക്ഷന്‍ ഫീല്‍ഡില്‍ യാതൊരു പരിചയവുമില്ലാത്ത ഇയ്യാള്‍ സൗമ്യമായ പെരുമാറ്റവും വാക് സാമര്‍ത്ഥ്യവും ഉപയോഗിച്ചാണ് ആളുകളെ കയ്യിലെടുത്ത് തട്ടിപ്പ് നടത്തിയിരുന്നത്. ഏറ്റെടുത്ത പണികള്‍ ഒരിടത്തും ഇയ്യാള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. 

സ്വന്തം നാട്ടില്‍ നടത്തിയ തട്ടിപ്പിനെ തുടര്‍ന്ന് എറണാകുളത്തേക്ക് ചേക്കേറിയ ഇയാള്‍ 'ശിവാന' എന്ന പേരില്‍ സ്ഥാപനം തുടങ്ങി. ഇവിടെയും സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തി. ആളുകളുടെ പരാതിയെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി അവിടെനിന്നും സ്ഥലം വിട്ടു. വീടുപണിക്കായി മെറ്റീരിയല്‍ വാങ്ങുന്ന സ്ഥലങ്ങളിലും ഇയ്യാള്‍ പണം നല്‍കാറില്ല. ഇത് സംബന്ധിച്ചും നിരവധി പരാതികള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐ ഉണ്ണികൃഷ്ണന്‍, പൊലീസ് ഒഫീസര്‍മാരായ സുമല്‍ എം, ഉല്ലാസ്, രാജേഷ് കെ, ദീബീഷ് പി ഡി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

തട്ടിപ്പിനുശേഷം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറുന്ന പ്രതിയെ കണ്ടെത്താന്‍ വളരെ പ്രയാസകരമായിരുന്നുവെന്ന് അന്വേഷണസംഘാംഗങ്ങള്‍ പറഞ്ഞു. 
പ്രതിക്കെതിരെ കോഴിക്കോട് നടക്കാവ്, എലത്തൂര്‍ പൊലീസ് സ്‌റ്റേഷനുകളില്‍ സമാനമായ തട്ടിപ്പിന് കേസുകള്‍ നിലവിലുണ്ട്. നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ കേസില്‍ കോടതി ഇയ്യാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയ്യാളെ കുറിച്ച് പരാതികള്‍ ലഭിച്ച സ്റ്റേഷനുകളുമായി വലപ്പാട് പൊലീസ് ബന്ധപ്പെടുന്നുണ്ട്.

അതിനിടെ, എരുമപ്പെട്ടിയില്‍ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ രണ്ടുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. വേലൂര്‍ പൊസ്റ്റോഫീസിന് സമീപം താമസിക്കുന്ന സുജ എന്ന സുചിത്ര, പേരാമംഗലം സ്വദേശി പ്രശാന്ത് എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. വനിത മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ രൂപീകരിച്ച് വായ്പ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഇരുവരും ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതികള്‍.