കാസർകോട്: വ്യാജരേഖ ഉപയോഗിച്ച് സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായുള്ള പരാതിയിൽ പഞ്ചായത്തംഗത്തിനെതിരെ കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തു. ഉദുമ പഞ്ചായത്തിലെ മുസ്ലിംലീഗ് അംഗം കാപ്പിൽ മുഹമ്മദ് പാഷയ്ക്കെതിരെയാണ് ബേക്കൽ‌ പൊലീസ് കേസെടുത്തത്. 75 ശതമാനം കാഴ്ചശക്തിയില്ലെന്ന് കാണിച്ച് പാഷ വ്യാജസർട്ടിഫിക്കറ്റ് തരപ്പെടുത്തിയെന്നും ഇതുപയോഗിച്ച് സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുകയാണെന്നും പരാതിക്കാരനായ മുഹമ്മദ് ഹനീഫ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) നൽകിയ ഹർജിയിൽ ആരോപിച്ചു. ഇയാൾ സ്വന്തമായി കാറോടിച്ചുപോവുകയും കാഴ്ചശക്തിയുള്ളവർ ചെയ്യുന്ന കാര്യങ്ങളെല്ലാം നിർവഹിക്കാറുണ്ടെന്നും ഹർജിയിൽ പറയുന്നു.