കൊച്ചി: പുരയിടം ബാങ്ക് ജപ്തിചെയ്ത വിവരം മറച്ചുവച്ച് പണയത്തുകയായി 10 ലക്ഷം രൂപ വാങ്ങി പച്ചാളം സ്വദേശിയെ വഞ്ചിച്ചെന്ന കേസിൽ യുവ സംരംഭക അറസ്റ്റിൽ. പച്ചാളം പള്ളിച്ചാൻപറമ്പിൽ സാന്ദ്ര തോമസിനെയാണു (27) പച്ചാളം സ്വദേശി കുഞ്ഞുമൊയ്തീന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു മുൻ ഡിവൈഎഫ്ഐ നേതാവും സംഘവും കാറും വീടിന്റെ രേഖകളും കൈവശപ്പെടുത്തിയെന്ന കേസിലെ പരാതിക്കാരി കൂടിയാണ് സാന്ദ്ര തോമസ്.
വടുതല തട്ടാഴം റോഡിൽ സാന്ദ്രയുടെ പേരിലുള്ള 2.98 ഏക്കർ പുരയിടമാണു കുഞ്ഞുമൊയ്തീനു പണയപ്പെടുത്തിയത്. കരാറുണ്ടാക്കിയ ശേഷം 10 ലക്ഷം രൂപ കഴിഞ്ഞ ഫെബ്രുവരിയിൽ കുഞ്ഞുമൊയ്തീനിൽനിന്നു വാങ്ങിയെന്നു പരാതിയിൽ പറയുന്നു. എന്നാൽ, സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതാണു പുരയിടമെന്ന കാര്യം മറച്ചുവച്ചു.
രണ്ടുകോടിയോളം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ സർഫാസി നിയമപ്രകാരമാണു ജപ്തി ചെയ്തത്. പണയത്തിനെടുത്ത വീട്ടിൽ താമസിച്ച കുഞ്ഞുമൊയ്തീനെ ഒരാഴ്ചയ്ക്കു ശേഷം ബാങ്ക് അധികൃതരെത്തി ഒഴിപ്പിച്ചു. കുഞ്ഞുമൊയ്തീൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സാന്ദ്ര തോമസ് ഇതിനു തയാറായില്ല. ഇതേത്തുടർന്നാണു പരാതിയുമായി കോടതിയിലെത്തിയത്.
