ദില്ലി: ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മറന്നേക്കാന്‍ ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ പിടിച്ചുകെട്ടാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കുന്നതാണ് ഒമറിന്‍റെ ഈ ട്വീറ്റ്. ഉത്തര്‍പ്രദേശില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷവും ഉത്തരാഖണ്ഡില്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടി ബിജെപി ഭരണം ഉറപ്പാക്കി കഴിഞ്ഞതിനുപിന്നാലെയാണ് ഒമറിന്‍റെ ട്വീറ്റ് എത്തിയത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള സെമിഫൈനല്‍ പോരാട്ടമെന്നാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍, 2019 മറന്ന് 2024ലേക്ക് ശ്രദ്ധ ചെലുത്താനാണ് ഒമര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 2019ല്‍ ബിജെപിയെയും മോദിയെയും പിടിച്ചുകെട്ടാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കുറിച്ചു.
