ചെന്നൈ: ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ വിദേശവനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലന്‍ഡ് സ്വദേശി എമിലിയയെ(22) ആണ് അമിതമായി മദ്യവും മയക്കുമരുന്നും അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എമിലിയയ്ക്കൊപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് അലക്സിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എമിലിയയെ വിളിച്ചിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്ത് ജോയല്‍ അലക്സി സാന്‍ററി ഹോട്ടല്‍ ജീവനക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. ഉടന്‍ എമിലിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എമിലിയുടെ ദേഹത്ത് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ഹോട്ടല്‍ മുറിയും എമിലിയുടെ ബാഗേജുകളും പൊലീസ് വിശദമായി പരിശോധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരും ചെന്നൈ നഗരത്തിലെത്തിയത്. 

വ്യാഴാഴ്ച രാവിലെ ചെന്നൈയ്ക്ക് മടങ്ങാനിരുന്നതായിരുന്നു രണ്ട് പേരും. എമിലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. ഫിന്‍ലന്‍ഡ് എംബസി അധികൃതര്‍ എമിലിയുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാവൂ എന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.