തിരുവനന്തപുരം: ജാപ്പനീസ് യുവതി കോവളത്ത് പീഡനത്തിന് ഇരയായ സംഭവം പേടിപ്പിക്കുന്നതാണെന്ന് സഞ്ചാരികള്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി അധികൃതര്‍ സ്വീകരിക്കുമെന്നാണ് വിനോദസഞ്ചാരികളുടെയും നാട്ടുകാരുടേയും പ്രതീക്ഷ.

സ്വദേശികളും വിദേശികളുമടക്കം, ദിവസവും നൂറുകണക്കിന് സഞ്ചാരികളെത്തുന്ന കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അവധിയാഘോഷിക്കാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമെത്തുന്നവരാണ് കൂടുതലും. പക്ഷേ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകളും കുറവല്ല. തനിച്ചെത്തിയ ജാപ്പനീസ് യുവതി, കഴിഞ്ഞ ദിവസം ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം പേടിപ്പെടുത്തുന്നതാണെന്ന് സഞ്ചാരികള്‍ പറയുന്നു.

സഞ്ചാരികള്‍ക്ക് പൊതുവെ സുരക്ഷിതമെന്ന് കരുതുന്ന കോവളത്തുണ്ടായ സംഭവം നാട്ടുകാരേയും ഞെട്ടിച്ചു. ഒഴിവുദിനങ്ങള്‍ ആഘോഷിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.