മസ്‌ക്കത്ത്: ഒമാനില്‍ വിദേശികള്‍ക്ക് സ്വന്തമായി വീടുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കണമെന്ന് മജ്‌ലിസ് ശൂറ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊഹമ്മദ് അല്‍ ഗസ്സാനി. മസ്‌കത്തില്‍ നടക്കുന്ന ഒമാന്‍ റിയല്‍ എസ്‌റ്റേറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ സാധ്യതകള്‍ ഒമാന്റെ സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നും മൊഹമ്മദ് അല്‍ ഗസ്സാനി പറഞ്ഞു.
ഒമാനില്‍ വിദേശികള്‍ക്ക് ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്‌സുകളില്‍ വീടുകള്‍ സ്വന്തമാക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്ന് പുറത്തും രാജ്യത്ത് വീട് വാങ്ങാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്നത് ഒമാന്റെ സാമ്പത്തിക മേഖലക്ക് കൂടുതല്‍ കരുത്തേകുമെന്നു മജ്‌ലിസ് ശൂറ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊഹമ്മദ് അല്‍ ഗസ്സാനി പറഞ്ഞു.
ഒമാനില്‍ ദീര്‍ഘകാലം താമസിച്ചു വരുന്ന വിദേശികള്‍ക്ക്, ഒമാന്‍ തങ്ങളുടെ സ്വന്തം രാജ്യമായി മാറി കഴിഞ്ഞു. അവര്‍ക്കായി രാജ്യം ഇങ്ങനെ ഒരു അവസരം ഒരുക്കിയാല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് ഇതു കൂടുതല്‍ ഉപകാര പ്രദമാകും. രാജ്യത്തു കൂടുതല്‍ വ്യാവസായ സംരംഭങ്ങള്‍ രൂപപെടുമെന്നും അല്‍ ഗസ്സാനി പറഞ്ഞു.
ഒമാനില്‍ നിന്നും ധാരാളം പണം രാജ്യത്തിന് വെളിയിലേക്കു വിദേശികള്‍ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്നുണ്ട്, ഒമാനില്‍ വീടുകള്‍ വാങ്ങുവാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കിയാല്‍ പണം രാജ്യത്തു തന്നെ നിലനിര്‍ത്തുവാന്‍ സാധിക്കുമെന്നും അല്‍ ഗസ്സാനി കൂട്ടി ചേര്‍ത്തു.
ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്‌സ് പദ്ധതികളില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ വീടുകള്‍ വാങ്ങുവാനുള്ള ആദ്യ പദ്ധതി ആയ 'നസീം അല്‍ സബാഹ്;' മസ്‌കറ്റിലെ മവേലയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും. നാല് ലക്ഷം ചതുരശ്ര മീറ്ററിലാണ് ഈ പുതിയ കെട്ടിടസമുച്ചയം തയ്യാറാകുന്നത്. ആയിരത്തി ഇരുനൂറിലേറെ താമസ സൗകര്യങ്ങള്‍ ആകും ഇവിടെ ഉണ്ടാകുക. 400 മില്യന്‍ ഒമാനി റിയാല്‍ ആണ് 'നസീം അല്‍ സബാഹ്;' പദ്ധതിയുടെ മുതല്‍ മുടക്ക്.
