വാളയാറിൽ പിടിച്ച ചെമ്മീന്‍ ഫോർമാലിൻ കലർന്നതു തന്നെ കൊച്ചി സിഫ്ടിൽ നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാമിൽ 4.1 മില്ലി ഗ്രാം ആന്ധ്രയിൽ തിരിച്ചെത്തിച്ച് നശിപ്പിക്കാൻ നിർദ്ദേശം
പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പിടികൂടിയ ചെമ്മീനിൽ അപകടകരമായ അളവിൽ ഫോർമാലിൻ ചേർത്തിട്ടുണ്ടന്ന് വിശദ പരിശോധനയിൽ കണ്ടെത്തി. കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മീൻ ആന്ധ്രയിലേക്ക് തിരിച്ചയക്കും.
ശനിയാഴ്ച രാത്രിയാണ് ആന്ധാപ്രദേശിൽ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന നാലായിരം കിലോ ചെമ്മീനാണ് വാളയാറിൽ പിടികൂടിയത്. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ചെമ്മീനിൽ ഫോർമാലിൻ ചേർത്തതായി കണ്ടെത്തിയിരുന്നു. തുടർന്ന് സാമ്പിൾ കൊച്ചി സിഫ്ടിലേക്കും കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിലേക്കും അയച്ചു.
ലോറിയെ വാളയാർ വരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അനുഗമിക്കും. അരൂരിലെ കൊച്ചിൻ ഫ്രോസൺ ഫുഡ് എക്സ്പോർട്ടേഴ്സ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടു വന്നതാണ് ചെമ്മീൻ. സാമ്പിൾ ശേഖരിച്ച ശേഷം സീൽ ചെയ്ത ലോറിയും അരൂരിൽ എത്തിച്ചിരുന്നു. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ കലർത്തിയ മീനെത്തുന്നത് കണ്ടെത്താനുള്ള ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായുള്ള പരിശോധനയിലാണിത് പിടികൂടിയത്.
