ബീറ്റ്സ് കോയില്‍ വാങ്ങി 9.95 കോടി വെളുപ്പിച്ചു എന്ന കേസില്‍ ആരോപണ വിധേയനായ ധാരിയില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ നളിന്‍ കൊട്ടാഡിയെയാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍. ബീറ്റ്സ് കോയില്‍ വാങ്ങി 9.95 കോടി വെളുപ്പിച്ചു എന്ന കേസില്‍ ആരോപണ വിധേയനായ ധാരിയില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ നളിന്‍ കൊട്ടാഡിയെയാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദില്‍ നിന്നുള്ള പോലീസ് സംഘമാണ് ഇയാളെ മഹാരാഷ്ട്രയിലെ ദുലിയയില്‍ വച്ച് അറസ്റ്റ് ചെയ്തതെന്ന് എഎന്‍ഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മെയില്‍ തന്നെ നളിന്‍ കൊട്ടാഡിയ്ക്കെതിരെ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. ബിറ്റ്സ് കോയിന്‍ ഇടപാടുകാരന്‍ ശൈലേഷ് ഭട്ടിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന സൂത്രധാരന്‍ കൃതി പലാഡിയെ ചോദ്യം ചെയ്തപ്പോഴാണ് കൊട്ടാഡിയയുടെ പങ്ക് വ്യക്തമായത്. 

ഇതിനെ തുടര്‍ന്ന് ഇയാളോട് ഹാജറാകുവാന്‍ നിരവധി നോട്ടീസ് അയച്ചെങ്കിലും പോലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു ബിജെപി നേതാവ്. എന്നാല്‍ നോട്ടീസുകള്‍ ലഭിച്ചില്ലെന്നും, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് കൊട്ടാഡിയയുടെ വാദം.