കൊച്ചി: വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി പ്രതികരിച്ച് മുന്‍മന്ത്രി കെ ബാബു. തനിക്കെതിരായ അന്വേഷണം പകപോക്കലാണെന്നും ബിനാമി സ്വത്തുക്കളില്ലെന്നും ബാബു കൊച്ചിയില്‍ പറഞ്ഞു. എഫ് ഐ ആറിലെ ആരോപണങ്ങളെല്ലാം തെറ്റാണ്. എന്നാല്‍ സത്യസന്ധമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ തങ്ങളുടേതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അറിയിച്ചു. നിയമപരമായ നടപടികളാണ് വിജിലന്‍സ് സ്വീകരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തൃപ്പൂണിത്തുറയിലെ വീട്ടിലെ റെയ്ഡ് അവസാനിച്ചതിന് പിന്നാലെയായിരുന്നു എഫ് ഐആറിലെ ആരോപണങ്ങള്‍ക്ക് കെ ബാബുവിന്റെ മറുപടി. തനിക്ക് തേനിയില്‍ ഭൂമിയില്ല. മകളുടെ വീട്ടുകാര്‍ക്കാണ് അവിടെ ഭൂമിയുളളത്. ബെന്‍സ് കാര്‍ വാങ്ങിയത് മകളുടെ വീട്ടുകാര്‍ വായ്പയെടുത്താണ്. തനിക്ക് ബിനാമികളില്ല. ഇപ്പോഴത്തേത് പകപോക്കലാണ്

സത്യസന്ധമായാണ് അന്വേഷിക്കുന്നതെന്ന് ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തതെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അറിയിച്ചു. സംസ്ഥാനത്തെ അഴിമതി മുക്തമാക്കുക എന്നതാണ് തങ്ങളുടെ നയം.

ജേക്കബ് തോമസ് വ്യക്തി വിരോധം തീര്‍ക്കുന്നതായി താന്‍ കരുതുന്നില്ലെന്നും ബാബുവിന്റെ വീട്ടിലെ റെയ്ഡിന് തന്റെ അനുവാദം ആവശ്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

വിജിലന്‍സിന്റേത് പ്രതികാര നടപടിയല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു മന്ത്രി ടി പി രാമകൃഷ്ണന്റെ നിലപാട് .